പാക് താരത്തിനായി കോടികൾ മുടക്കി, സൺറൈസേഴ്സ് ഹൈദരബാദിനും കാവ്യാ മാരനുമെതിരെ സൈബർ ആക്രമണം

ഹണ്ട്രഡ് ലീഗിലെ 'സണ്‍റൈസേഴ്‌സ്' ടീമാണ് അബ്രാര്‍ അഹമ്മദിനെ സ്വന്തമാക്കിയത്.

Kavya Maran
അഭിറാം മനോഹർ| Last Modified വെള്ളി, 13 മാര്‍ച്ച് 2026 (14:53 IST)

ഇംഗ്ലണ്ടിലെ പ്രശസ്തമായ 'ദി ഹണ്ട്രഡ്' ക്രിക്കറ്റ് ലീഗ് ലേലത്തില്‍ പാകിസ്ഥാന്‍ താരം അബ്രാര്‍ അഹമ്മദിനെ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ഉടമകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കത്തുന്നു. പാകിസ്ഥാന്‍ സ്പിന്നറെ ഏകദേശം 2.34 കോടി രൂപയ്ക്കാണ് (2.25 ലക്ഷം പൗണ്ട്) സണ്‍റൈസേഴ്‌സ് ലീഡ്‌സ് ലേലത്തില്‍ എടുത്തത്.

ഐപിഎല്ലില്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് വിലക്ക് തുടരുന്ന സാഹചര്യത്തില്‍, ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഒരു ടീം മറ്റൊരു വിദേശ ലീഗില്‍ പാക് താരത്തിന് വേണ്ടി വലിയ തുക ചെലവാക്കിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമകളായ കാവ്യ മാരനും കുടുംബവുമാണ് ദക്ഷിണാഫ്രിക്കന്‍ ലീഗിലും ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ലീഗിലും ടീമുകളെ സ്വന്തമാക്കിയിരിക്കുന്നത്. ഇതില്‍ ഹണ്ട്രഡ് ലീഗിലെ 'സണ്‍റൈസേഴ്‌സ്' ടീമാണ് അബ്രാര്‍ അഹമ്മദിനെ സ്വന്തമാക്കിയത്.

'ഇന്ത്യന്‍ ആരാധകരുടെ വികാരത്തെ മാനിക്കാത്ത നടപടി' എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. എക്‌സ് (ട്വിറ്റര്‍) പോലുള്ള പ്ലാറ്റ്ഫോമുകളില്‍ സണ്‍റൈസേഴ്‌സിനെ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി (Boycott SRH) നിരവധി പേര്‍ രംഗത്തെത്തി. ലേലത്തില്‍ പങ്കെടുത്ത മറ്റ് ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ടീമുകള്‍ പാക് താരങ്ങളെ ഒഴിവാക്കിയപ്പോള്‍ സണ്‍റൈസേഴ്‌സ് മാത്രം എന്തിന് മുന്‍കൈ എടുത്തു എന്നാണ് ആരാധകരുടെ ചോദ്യം.


അതേസമയം, പാക് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഈ ലേലം വലിയ നേട്ടമായി. 2.34 കോടി രൂപയാണ് സണ്‍റൈസേഴ്‌സ് താരത്തിനായി ചെലവാക്കിയത്.ടീമിന്റെ ആവശ്യകത കണക്കാക്കിയാണ് താരത്തെ തിരെഞ്ഞെടുത്തതെന്നും പാക് താരങ്ങളെ ലേലത്തില്‍ വിളിക്കരുതെന്ന നിര്‍ദേശം ഫ്രാഞ്ചൈസി നല്‍കിയിയിരുന്നില്ലെന്നും ഹെഡ് കോച്ചായ ഡാനിയല്‍ വെട്ടോറി പറഞ്ഞു. വിദേശ ലീഗുകളില്‍ മറ്റ് ടീമുകള്‍ പാക് താരങ്ങളെ കളിപ്പിക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഒരു ഫ്രാഞ്ചൈസി ഇങ്ങനൊരു നീക്കം നടത്തുന്നത്. ബര്‍മിങ്ഹാം ഫീനിക്‌സ് മറ്റൊരു പാക് താരമായ ഉസ്മാന്‍ താരിഖിനെയും ലേലത്തില്‍ സ്വന്തമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :