രേണുക വേണു|
Last Modified ചൊവ്വ, 6 ജനുവരി 2026 (15:50 IST)
വിജയ് ഹസാരെ ട്രോഫിയിലും നിരാശപ്പെടുത്തുന്ന പ്രകടനവുമായി ഇന്ത്യന്‍ ഏകദിന, ടെസ്റ്റ് ടീം നായകനായ ശുഭ്മാന്‍ ഗില്‍. ടി20 ദേശീയ ടീമില്‍ നിന്നും പുറത്തായ ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനായി കളിക്കാനിറങ്ങിയ ഗില്‍ ഗോവയ്‌ക്കെതിരായ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി 12 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗോവ 33.3 ഓവറില്‍ 211 റണ്‍സിന് പുറത്തായിരുന്നു.
ടി20 ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ വിജയ് ഹസാരെ ട്രോഫിയിലൂടെ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ട പഞ്ചാബ് താരം ശുഭ്മന്‍ ഗില്ലിന്
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് സിക്കിമെതിരായ മത്സരം നഷ്ടമായിരുന്നു. അതേസമയം ഹിമാചലിനെതിരെ നടന്ന മത്സരത്തില്‍ മുംബൈയ്ക്കായി ഇറങ്ങിയ സൂര്യകുമാര്‍ യാദവും ആരാധകരെ നിരാശപ്പെടുത്തി. 18 പന്തില്‍ 24 റണ്‍സെടുത്താണ് ഇന്ത്യന്‍ ടി20 നായകന്‍ മടങ്ങിയത്. അതേസമയം 53 പന്തില്‍ നിന്ന് 82 റണ്‍സുമായി മുംബൈ നായകനായ ശ്രേയസ് അയ്യര്‍ മികച്ച പ്രകടനമാണ് നടത്തിയത്.
ഒരു വര്‍ഷമായി ടി20 ഫോര്‍മാറ്റില്‍ ദയനീയമായ പ്രകടനമാണ് സൂര്യകുമാര്‍ യാദവ് നടത്തുന്നത്. ആഭ്യന്തര തലത്തില്‍ പോലും സൂര്യകുമാറിന് താളം കണ്ടെത്താനാകുന്നില്ല എന്നത് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളെ കൂടിയാണ് ബാധിക്കുന്നത്. ലോകകപ്പില്‍ സൂര്യ തന്നെ ഇന്ത്യയെ നയിക്കുമെന്ന് ഉറപ്പാണെങ്കിലും തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ താരത്തിന് ദേശീയ ടീമില്‍ നിന്നും പുറത്തേക്ക് വഴി തുറക്കുമോ എന്നതാണ് ആരാധകര്‍ ആശങ്കപ്പെടുന്നത്.