രേണുക വേണു|
Last Modified ചൊവ്വ, 3 ഫെബ്രുവരി 2026 (11:58 IST)
കൊളംബോയില്‍ ഫെബ്രുവരി 15ന് നടക്കേണ്ട ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതികരണവുമായി മുന്‍ പാകിസ്ഥാന്‍ ലെഗ് സ്പിന്നര്‍ ദാനിഷ് കനേരിയ. തീരുമാനം പാകിസ്ഥാന്‍ ക്രിക്കറ്റിന് തിരിച്ചടിയാകുമെന്നും ഇന്ത്യയെ നേരിടാനുള്ള ഭയം കൊണ്ടാണ് പാക് തീരുമാനമെന്ന പ്രതീതിയുണ്ടാക്കുമെന്നും കനേരിയ പറഞ്ഞു.
ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുനതില്‍ യാതൊരു യുക്തിയുമില്ല. ടൂര്‍ണമെന്റില്‍ നിന്നും പുറത്തുപോയ ബംഗ്ലാദേശിനെ പിന്തുണയ്ക്കുകയെന്ന വിചാരത്തിലാണ് പാകിസ്ഥാന്‍. എന്നാല്‍ ഇത് കൊണ്ട് അവര്‍ എവിടെ എത്തുമെന്ന് ആലോചിക്കണം. ഇന്ത്യയെ നേരിടാന്‍ പാകിസ്ഥാന് പേടിയാണ് എന്ന പ്രതീതിയാണ് ഇത് സൃഷ്ടിക്കുക. ഇന്ത്യ- പാകിസ്ഥാന്‍ മത്സരം വരുമാനം ഉണ്ടാക്കുന്ന ഒന്നാണെന്ന് പാകിസ്ഥാന്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ അങ്ങനെയല്ല. ഇന്ത്യ കളിക്കുന്നത് പോലൊരു ബ്രാന്‍ഡ് ക്രിക്കറ്റ് പാകിസ്ഥാന്‍ കളിക്കുന്നില്ല. ടി20യായാലും ഏകദിനമായാലും ഇന്ത്യ എപ്പോഴും പാകിസ്ഥാനെ തോല്‍പ്പിക്കുന്നു.
'പാകിസ്ഥാന്‍ നേരത്തെ ഇന്ത്യയില്‍ വരാന്‍ തയാറല്ലെന്ന് പറഞ്ഞപ്പോള്‍ അത് അംഗീകരിക്കുകയും മത്സരങ്ങള്‍ ന്യൂട്രല്‍ വേദിയില്‍ സംഘടിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ആ മത്സരം ബഹിഷ്‌കരിക്കുന്നത് തീര്‍ത്തും തെറ്റായ തീരുമാനമാണ്,' നിങ്ങള്‍ ആദ്യമത്സരം ഇന്ത്യക്കെതിരെ കളിക്കുന്നില്ല, പക്ഷേ സെമിയിലോ ഫൈനലിലോ നേരിടേണ്ടിവന്നാല്‍ ഫൈനല്‍ കളിക്കില്ലെന്ന് പറഞ്ഞ് ട്രോഫി കൈമാറുമോ?, ഗ്രൗണ്ടില്‍ ഇറങ്ങി പോരാടണം. അവിടെ വിജയിക്കാനാകനം. അങ്ങനെയാണ് പ്രതികരിക്കേണ്ടത്. അല്ലാതെ മത്സരം ബഹിഷ്‌കരിക്കുന്നത് ഒരു വ്യത്യസവും വരുത്തില്ല. കനേരിയ പറഞ്ഞു. തീരുമാനത്തില്‍ പാക് താരങ്ങളും അസ്വസ്ഥരാണെന്നും അവര്‍ക്ക് പക്ഷേ തുറന്ന് പറയാനാവാത്ത അവസ്ഥയാണെന്നും കനേരിയ പറഞ്ഞു.
ഫെബ്രുവരി 7ന് നെതര്‍ലന്‍ഡ്സിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം. USA (ഫെബ്രുവരി 10), നമീബിയ (ഫെബ്രുവരി 18) എന്നിവരുമായുള്ള മറ്റ് ഗ്രൂപ്പ് മത്സരങ്ങളിലും പാകിസ്ഥാന്‍ പങ്കെടുക്കും. 15ന് ഇന്ത്യക്കെതിരായ മത്സരം ഉപേക്ഷിക്കുകയാണെങ്കില്‍ മത്സരത്തിലെ പോയന്റുകള്‍ ഇന്ത്യയ്ക്ക് ലഭിക്കുകയും ഇന്ത്യയുടെ ടൂര്‍ണമെന്റിലെ മുന്നേറ്റം എളുപ്പമാവുകയും ചെയ്യും.