അയാൾക്കിപ്പോൾ പ്രായം 28 ഇനി എന്നാണ് അവസരം നൽകുക

അഭിറാം മനോഹർ| Last Modified ഞായര്‍, 27 നവം‌ബര്‍ 2022 (10:25 IST)
മലയാളി ക്രിക്കറ്ററായ സഞ്ജു സാംസൺ തൻ്റെ രാജ്യാന്തര ക്രിക്കറ്റ് കരിയറിൻ്റെ തുടക്കം മുതലേ കേട്ട വിമർശനമായിരുന്നു പ്രകടനത്തിൽ സ്ഥിരതയില്ലാ എന്നത്. ചെറിയ പ്രായത്തിൽ തന്നെ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുകയും സ്ഥിരതയില്ലായ്മയെ തുടർന്ന് ടീമിന് വെളിയിൽ പോകുകയും ചെയ്തിരുന്നെങ്കിലും 2022 എന്ന വർഷം സഞ്ജു സാംസൺ തന്നെയാകെ പുതുക്കിയ വർഷമായിരുന്നു.

കഴിഞ്ഞ വർഷത്തെ ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യൻ ജേഴ്സിയിൽ ടി20യിൽ ആറ് അവസരങ്ങളാണ് സഞ്ജു സാംസണിന് ലഭിച്ചത്. ആറ് മത്സരങ്ങളിലെ 5 ഇന്നിങ്ങ്സുകളിൽ നിന്ന് 44.75 ശരാശരിയിൽ 179 റൺസ് നേടികൊണ്ട് ഇത്തവണ തൻ്റെ പ്രതിഭയെന്തെന്ന് സഞ്ജു തെളിയിക്കുകയും ചെയ്തു. എന്നാൽ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിൻ്റെ സമീപകാല ഫോം വിസ്മരിക്കപ്പെട്ടു.

ടി20 ലോകകപ്പിന് പരിഗണിക്കപ്പെടാതിരുന്ന സഞ്ജുവിന് ടി20യിലെ പോലെ കുറച്ച് അവസരങ്ങൾ ഏകദിന ടീമിലും ലഭിക്കുകയുണ്ടായി. ഈ കാലയളവിൽ അസൂയാർഹമായ പ്രകടനമാണ് സഞ്ജു ഏകദിന ഫോർമാറ്റിൽ ഇന്ത്യയ്ക്കായി നടത്തിയത്. 2022ൽ കളിച്ച 10 മത്സരങ്ങളിലെ 9 ഇന്നിങ്ങ്സുകളിൽ നിന്ന് 71 ബാറ്റിംഗ് ശരാശരിയിൽ 284 റൺസ്. 100 റൺസ് പ്രഹരശേഷിയിലുള്ള സഞ്ജുവിൻ്റെ പ്രകടനം താരത്തിന് ഏകദിനടീമിൽ സ്ഥാനമുറപ്പിക്കുമെന്ന് ആരാധകർ കരുതുമ്പോൾ ഇന്ത്യയുടെ രണ്ടാം നിര ടീമിൽ പോലും സഞ്ജുവിന് വേണ്ട പിന്തുണ നൽകാൻ ബിസിസിഐ ഒരുക്കമല്ല.

സഞ്ജുവിന് പ്രതിഭ ധാരളമുണ്ട് പക്ഷേ അവന് സ്ഥിരത എന്നതൊന്നില്ല എന്നായിരുന്നു ബിസിസിഐയുടെ ആദ്യകാല നിലപാട്. എന്നാൽ 2022ൽ എല്ലാം തെളിയിച്ചുകഴിഞ്ഞിട്ടും സഞ്ജു എന്ന പ്രതിഭയെ വളർത്തിയെടുക്കാൻ ഒരു പിന്തുണയും ബിസിസിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. 2023ൽ ഏകദിന ലോകകപ്പ് വരാനിരിക്കെ വീണ്ടും ബ്രാൻഡ് വാല്യുയുള്ള താരങ്ങളിലേക്ക് തന്നെ ബിസിസിഐ തിരികെ നടക്കുമ്പോൾ സഞ്ജുവടക്കം മികച്ച പ്രകടനങ്ങൾ കൊണ്ട് ബിസിസിഐയുടെ വാതിൽ മുട്ടുന്ന യുവതാരങ്ങളെ മുഖത്ത് തുപ്പുന്ന നിലപാടാണ് ടീം സെലക്ടർമാർ സ്വീകരിക്കുന്നത്.

സൂര്യകുമാർ യാദവ് എന്ന ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുന്ന പ്രതിഭയ്ക്ക് 2-3 വർഷം മുൻപെ അവസരം ലഭിക്കണമായിരുന്നുവെന്ന് ആരാധകർ പറയുമ്പോഴാണ് അതേ ബ്രീഡിലുള്ള സഞ്ജു എല്ലാം തെളിയിച്ചും അവസരങ്ങൾക്കായി കാത്തുനിൽക്കുന്നത്. അയാൾക്ക് 24 അല്ല പ്രായം. ഇനിയും
അവസരങ്ങൾ തന്നില്ലെങ്കിൽ എപ്പോൾ നൽകാനാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :