സഞ്ജുവിന് നിർണായകം, ലോകകപ്പിന് മുൻപായുള്ള അവസാന ലാപ്പിനൊരുങ്ങി ഇന്ത്യ, ആദ്യ ടി20യ്ക്കുള്ള സാധ്യത ഇലവൻ
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ നാഗ്പൂരില്‍ തുടങ്ങും. ലോകകപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്പരയാണിത്. പരിക്കേറ്റ തിലക് വര്‍മയ്ക്ക് പകരമായി ശ്രേയസ് അയ്യരും വാഷിങ്ങ്ടണ്‍ സുന്ദറിന് പകരമായി രവി ബിഷ്‌ണോയിയുമാണ് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലുള്ളത്.
2026 ടി20 ലോകകപ്പിന് മുന്‍പുള്ള നിര്‍ണായക തയ്യാറെടുപ്പുകളുടെ ഭാഗമായുള്ള പരമ്പരയില്‍ സഞ്ജു സാംസണാകും ഓപ്പണിംഗ് ബാറ്ററായി എത്തുക.റെയിറ്റ്- ലെഫ്റ്റ് കോമ്പിനേഷന്‍ നിലനിര്‍ത്തുന്നതിനായി അഭിഷേകിനൊപ്പം സഞ്ജു തന്നെ ഓപ്പണര്‍ ആയി ഇറങ്ങും. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവും നാലാമനായി ശ്രേയസ് അയ്യരുമാകും ടീമില്‍ ഇടം പിടിക്കുക. ലോകകപ്പിന് മുന്‍പായി നായകന്‍ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗ് ഫോമില്‍ വലിയ ആശങ്കയാണ് ടീമിനുള്ളത്.
മിഡില്‍ ഓര്‍ഡറില്‍ ഹാര്‍ദിക് പാണ്ഡ്യ,അക്‌സര്‍ പട്ടേല്‍,റിങ്കു സിംഗ്,ശിവം ദുബേ എന്നിവര്‍ ടീമിലെത്തുമ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര മറ്റേത് ടീമിനേക്കാള്‍ ശക്തമാണ്. ഓള്‍റൗണ്ടര്‍ താരങ്ങളായി ശിവം ദുബെ, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ സാന്നിധ്യവും ബൗളര്‍മാരില്‍ വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര എന്നിവരുടെ സാന്നിധ്യവും ഇന്ത്യയ്ക്ക് കരുത്താണ്. അര്‍ഷദീപ് സിംഗ് കൂടി ചേരുന്നതോടെ ടി20 ഫോര്‍മാറ്റിലെ തന്നെ ഏറ്റവും മികച്ച നിരയെയാണ് ലോകകപ്പില്‍ ഇന്ത്യ അണിനിരത്തുക.