ഇന്ത്യ തോറ്റെങ്കിലും ഹിറ്റ്മാൻ ഹിറ്റായി, റെക്കോർഡുകൾ കടപുഴക്കി, വിരമിക്കൽ അഭ്യൂഹങ്ങൾക്കും അന്ത്യം
വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ വിമര്‍ശകര്‍ക്ക് സെഞ്ചുറിപ്രകടനം കൊണ്ട് മറുപടി നല്‍കി രോഹിത് ശര്‍മ.
വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ വിമര്‍ശകര്‍ക്ക് സെഞ്ചുറിപ്രകടനം കൊണ്ട് മറുപടി നല്‍കി രോഹിത് ശര്‍മ. ഇംഗ്ലണ്ടിനെതിരായ 3 മത്സരങ്ങളടങ്ങിയ ഏകദിന സീരീസിലെ മൂന്നാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 388 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെയാണ് സെഞ്ചുറി പ്രകടനം കൊണ്ട് രോഹിത് ഞെട്ടിച്ചത്. 110 പന്തുകള്‍ നേരിട്ട രോഹിത് 5 സിക്‌സും 17 ഫോറും ഉള്‍പ്പടെ 138 റണ്‍സ് നേടിയാണ് മടങ്ങിയത്. ഏകദിന ഫോര്‍മാറ്റില്‍ തന്റെ മുപ്പത്തിനാലാം സെഞ്ചുറിയാണ് രോഹിത് കുറിച്ചത്. ഇംഗ്ലണ്ടില്‍ രോഹിത്തിന്റെ എട്ടാമത്തെ ഏകദിന സെഞ്ചുറിയാണിത്.
8 സെഞ്ചുറികള്‍ നേടിയതോറ്റെ ഒരു വിദേശരാജ്യത്ത് ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്നവരുടെ പട്ടികയില്‍ രോഹിത് ഒന്നാം സ്ഥാനത്തെത്തി. 7 സെഞ്ചുറികള്‍ വീതം നേടിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(യുഎഇ), ക്വിന്റണ്‍ ഡികോക്ക്(ഇന്ത്യ),എബി ഡിവില്ലിയേഴ്‌സ്(ഇന്ത്യ), സയ്യിദ് അന്‍വര്‍(യുഎഇ) എന്നിവരുടെ റെക്കോര്‍ഡാണ് രോഹിത് മറികടന്നത്. ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടിയ താരങ്ങളില്‍ മുന്‍ ഇംഗ്ലണ്ട് ഓപ്പണര്‍ മാര്‍ക്കസ് ട്രെസ്‌കോത്തിക്കൊനൊപ്പം രണ്ടാം സ്ഥാനത്താണ് രോഹിത്. 10 സെഞ്ചുറികളുമായി ജോ റൂട്ടാണ് പട്ടികയില്‍ ഒന്നാമത്.
ഇംഗ്ലണ്ടില്‍ കളിച്ച 30 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 65.29 ശരാശരിയില്‍ 1567 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്. 90.78 ആണ് രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ലോര്‍ഡ്‌സില്‍ ഏകദിന ഫോര്‍മാറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററും രോഹിത്താണ്. 39 വയസ്സും 80 ദിവസവും പ്രായമുള്ളപ്പോഴാണ് രോഹിത്തിന്റെ സെഞ്ചുറിനേട്ടം. ഇതോടെ ഏകദിനത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും രോഹിത്തിന്റെ പേരിലായി. 38 വയസും 327 ദിവസവും പ്രായമുള്ളപ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നേടിയ റെക്കോര്‍ഡാണ് രോഹിത് മറികടന്നത്.