കോലിക്കും രോഹിത്തിനും വിശ്രമം; ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ രാഹുലോ പാണ്ഡ്യയോ നയിക്കും

രോഹിത് ശര്‍മയുടെ അസാന്നിധ്യത്തില്‍ ഹാര്‍ദിക് പാണ്ഡ്യയോ കെ.എല്‍.രാഹുലോ ആയിരിക്കും ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുക

Kohli, Rohit sharma
Kohli, Rohit sharma
രേണുക വേണു| Last Modified ചൊവ്വ, 9 ജൂലൈ 2024 (09:29 IST)

നായകന്‍ രോഹിത് ശര്‍മയ്ക്കും മുതിര്‍ന്ന താരം വിരാട് കോലിക്കും കൂടുതല്‍ വിശ്രമം അനുവദിക്കാന്‍ ബിസിസിഐ. ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇരുവരും കളിക്കില്ല. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കും വിശ്രമം അനുവദിച്ചേക്കും. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ട്വന്റി 20 പരമ്പരയും ഏകദിന പരമ്പരയുമാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലുള്ളത്.

രോഹിത് ശര്‍മയുടെ അസാന്നിധ്യത്തില്‍ ഹാര്‍ദിക് പാണ്ഡ്യയോ കെ.എല്‍.രാഹുലോ ആയിരിക്കും ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് രോഹിത്തും കോലിയും ബിസിസിഐയോട് ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം ഇരുവരും കളിക്കാന്‍ തയ്യാറാണെങ്കില്‍ ടീമില്‍ ഉള്‍പ്പെടുത്താനും ബിസിസിഐ തയ്യാറാണ്. ചാംപ്യന്‍സ് ട്രോഫിയിലും രോഹിത്, കോലി അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ ഇന്ത്യക്കായി കളിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു.

ചാംപ്യന്‍സ് ട്രോഫിക്ക് മുന്‍പ് ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ ഇന്ത്യ കളിക്കുന്നുണ്ട്. ഈ പരമ്പരയില്‍ ആയിരിക്കും ഇരുവരും ഇനി ഇന്ത്യക്കായി 50 ഓവര്‍ മത്സരം കളിക്കുക. ടെസ്റ്റ് മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇരുവരുടെയും തീരുമാനം. ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയും അതിനു പിന്നാലെ വരുന്ന ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പുമാണ് ഇന്ത്യയുടെ അടുത്ത ലക്ഷ്യം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :