ധോനിക്ക് പോലും സാധിക്കാത്ത നേട്ടം, ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ചരിത്രം സൃഷ്‌ടിച്ച് ഋഷഭ് പന്ത്

അഭിറാം മനോഹർ| Last Modified ബുധന്‍, 5 മെയ് 2021 (20:50 IST)
ഐസിസി ടെസ്റ്റ് റാങ്കിങിൽ കരിയറിലെ ഏറ്റവും ഉയർന്ന റാങ്ക് സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത്. അതേസമയം ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ പത്തിനുള്ളില്‍ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെന്ന നേട്ടവും പന്ത് സ്വന്തമാക്കി. ഇന്ത്യയുടെ ഇതിഹാസ കീപ്പിങ് താരം മഹേന്ദ്രസിംഗ് ധോണിക്ക് പോലും സാധിക്കാത്ത നേട്ടമാണ് പന്ത് സ്വന്തമാക്കിയിരിക്കുന്നത്.

നിലവിൽ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ആറാം സ്ഥാനത്താണ് റിഷഭ് പന്ത്. ടെസ്റ്റ് റാങ്കിങ്ങിൽ പത്തൊമ്പതാം സ്ഥാനത്തെത്തിയതാണ് ധോണിയുടെ ഏറ്റവും മികച്ച നേട്ടം. പന്തിന് പുറമെ ഇന്ത്യൻ നായകൻ വിരാട് കോലി, രോഹിത് ശർമ എന്നിവരാണ് ആദ്യ പത്തിനുള്ള മറ്റ് രണ്ട് താരങ്ങൾ.പന്തിനൊപ്പം ആറാം സ്ഥാനത്താണ് രോഹിത്. വിരാട് കോലി അഞ്ചാമതാണ്.

പന്തിനേയും രോഹിതിനേയും കൂടാതെ ന്യൂസീലന്‍ഡ്‌ താരം ഹെന്‍ട്രി നിക്കോള്‍സും ആറാം സ്ഥാനത്തുണ്ട്. മൂന്നു പേര്‍ക്കും 747 റേറ്റിങ് പോയിന്റാണുള്ളത്.919 റേറ്റിങ് പോയിന്റുമായി ന്യൂസീലന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണാണ് പട്ടികയിൽ ഒന്നാമതുള്ളത്. സ്റ്റീവ് സ്മിത്ത് രണ്ടാമതും മാർനസ് ലബുഷെയ്‌ൻ മൂന്നാമതുമാണ്. ഇംഗ്ലണ്ട് നായകൻ ജോ റൂട്ടാണ് പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :