അഭിറാം മനോഹർ|
Last Modified തിങ്കള്‍, 9 ജൂണ്‍ 2025 (17:44 IST)
വിരാട് കോലി, രോഹിത് ശര്‍മ എന്നീ താരങ്ങള്‍ വിരമിച്ചതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു തലമുറമാറ്റത്തിന്റെ വക്കിലാണ് ഇന്ത്യന്‍ ടീം. രോഹിത്തിന്റെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലാകും ടെസ്റ്റിലെ പുതിയ നായകന്‍. ഗില്ലിനെ കീഴില്‍ താരതമ്യേന പുതുമുഖങ്ങള്‍ അടങ്ങിയ നിരയുമായാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഒരുങ്ങുന്നത്.
പുതിയ സാഹചര്യത്തില്‍ പുതിയ നായകന് കീഴിലുള്ള ഇന്ത്യന്‍ പ്രകടനം എന്താകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. കോലിയും രോഹിത്തും വിരമിച്ചതോടെ ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിനെ പറ്റിയും കൃത്യതയില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് ഓര്‍ഡര്‍ എങ്ങനെയാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകനായ റിക്കി പോണ്ടിംഗ്.
കെ എല്‍ രാഹുലും യശ്വസി ജയ്‌സ്വാളുമാകും ഇന്ത്യയ്ക്കായി ഓപ്പണര്‍മാരാവുകയെന്ന് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുമ്പോള്‍ കെ എല്‍ രാഹുല്‍ ഓപ്പണറാകില്ലെന്നാണ് പോണ്ടിംഗ് പറയുന്നത്.സായ് സുദര്‍ശനും ജയ്‌സ്വാളുമാകും ഓപ്പണര്‍മാരാകുക എന്ന് ഞാന്‍ കരുതുന്നു. കൂടുതല്‍ പരിചയസമ്പത്തുള്ള താരങ്ങളായ കെ എല്‍ രാഹുലോ, കരുണ്‍ നായരോ മൂന്നാം നമ്പറിലാകും കളിക്കാന്‍ ഇറങ്ങുക. നാലാമനായി ഗില്ലും കളിക്കാനിറങ്ങും പോണ്ടിംഗ് പറഞ്ഞു.
അതേസമയം ബാറ്റിംഗ് ഓര്‍ഡര്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് കഴിഞ്ഞ ദിവസവും ഗില്‍ വ്യക്തമാക്കി.ഇംഗ്ലണ്ടില്‍ ബാറ്ററെന്ന നിലയില്‍ കാര്യമായ പ്രകടനങ്ങള്‍ നടത്താനായിട്ടില്ലെന്ന സാഹചര്യത്തില്‍ നായകനായുള്ള ഇത്തവണത്തെ ടെസ്റ്റ് പരമ്പര ഗില്ലിന് നിര്‍ണായകമാണ്.