India vs South africa: ദക്ഷിണാഫ്രിക്കൻ പരമ്പര: ഇന്ത്യൻ താരങ്ങളെ കാത്തിരിക്കുന്നത് റെക്കോർഡ് മഴ

Indian Team
അഭിറാം മനോഹർ| Last Modified ചൊവ്വ, 9 ഡിസം‌ബര്‍ 2025 (15:22 IST)
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര
ഇന്ന് മുതല്‍ ആരംഭിക്കാനിരിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങളില്‍ പലരും സുപ്രധാനമായ പല നാഴികകല്ലുകള്‍ക്കും അരികിലാണ്.നിരവധി താരങ്ങളാണ് തങ്ങളുടെ കരിയറിലെ പല നാഴികകല്ലുകള്‍ക്കും മുന്നിലുള്ളത്. ബൗളര്‍മാര്‍ക്കും, ബാറ്റര്‍മാര്‍ക്കും, ഓള്‍റൗണ്ടര്‍മാര്‍ക്കും സീരീസില്‍ പല സുപ്രധാനമായ റെക്കോര്‍ഡുകളും ഈ പരമ്പരയോടെ സ്വന്തം പേരില്‍ ചേര്‍ക്കാനാവും.

ടി20 ഫോര്‍മാറ്റിലെ മിന്നുന്ന താരവും ഇന്ത്യന്‍ ടീം നായകനുമായ സൂര്യകുമാര്‍ യാദവിന് 59 റണ്‍സ് മാത്രമാണ് ടി20 ഫോര്‍മാറ്റില്‍ 9000 റണ്‍സ് സ്വന്തമാക്കാന്‍ ആവശ്യമുള്ളത്. വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നീ ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് നിലവില്‍ ഈ പട്ടികയിലുള്ളത്. 6 സിക്‌സുകള്‍ കൂടി നേടാനായാല്‍ ടി20 ഫോര്‍മാറ്റില്‍ 400 സിക്‌സുകളെന്ന നേട്ടവും സൂര്യകുമാറിന് സ്വന്തമാകും. വിരാട് കോലി,രോഹിത് ശര്‍മ എന്നിവര്‍ മാത്രമാണ് നിലവില്‍ ഈ പട്ടികയിലുള്ളത്. അതേസമയം ഇന്ത്യയുടെ ഉപനായകനായ ശുഭ്മാന്‍ ഗില്ലിന് 163 റണ്‍സ് പരമ്പരയില്‍ നേടാനായാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനാകും. തിലക് വര്‍മയ്ക്ക് 4 റണ്‍സും സഞ്ജു സാംസണ് 5 റണ്‍സുമാണ് രാജ്യാന്തര ടി20യില്‍ 1000 റണ്‍സ് സ്വന്തമാക്കാന്‍ ആവശ്യമായുള്ളത്.

ബൗളര്‍മാരില്‍ 2 വിക്കറ്റുകള്‍ കൂടി സ്വന്തമാക്കാനായാല്‍ ടി20 ക്രിക്കറ്റില്‍ 100 വിക്കറ്റുകള്‍ തികയ്ക്കാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് സാധിക്കും. 47 റണ്‍സ് പരമ്പരയില്‍ സ്വന്തമാക്കാനായാല്‍ പുരുഷ ടി20 ക്രിക്കറ്റില്‍ 3500 റണ്‍സും 250 വിക്കറ്റുകളുമുള്ള ആദ്യ ബൗളറായി ഇന്ത്യയുടെ അക്ഷര്‍ പട്ടേല്‍ മാറും. അതേസമയം 4 റണ്‍സ് പരമ്പരയില്‍ നേടാനായാല്‍ ടി20 ഫോര്‍മാറ്റില്‍ 8000 റണ്‍സ് നേടാന്‍ മലയാളി താരം സഞ്ജു സാംസണാകും. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ താരങ്ങളില്‍ വിരാട് കോളി,രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍ എന്നിവര്‍ മാത്രമാണ് ഈ പട്ടികയിലുള്ള മറ്റ് താരങ്ങള്‍. അതേസമയം പരമ്പരയില്‍ ഒരു വിക്കറ്റ് സ്വന്തമാക്കാനായാല്‍ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ 100 വിക്കറ്റ് നേട്ടത്തിലെത്താന്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് സാധിക്കും. പരമ്പരയില്‍ 5 മത്സരങ്ങളുള്ളതിനാല്‍ തന്നെ റെക്കോര്‍ഡ് നേട്ടങ്ങളില്‍ ഏറിയ പങ്കും സീരീസില്‍ തകര്‍ന്നടിഞ്ഞേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :