അഭിറാം മനോഹർ|
Last Modified വ്യാഴം, 12 മാര്‍ച്ച് 2026 (10:39 IST)
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ നിന്നും പുറത്തായപ്പോള്‍ നിരാശ തോന്നിയെങ്കിലും അച്ഛന്റെ അവസാന നാളുകളില്‍ അച്ഛനൊപ്പം തനിക്ക് ചെലവഴിക്കാനായതായി ഇന്ത്യന്‍ താരം ജിതേഷ് ശര്‍മ. ലോകകപ്പ് ടീമില്‍ ഇടം പിടിക്കാനാവാത്തതില്‍ ആദ്യം നിരാശയുണ്ടായെങ്കിലും അച്ഛന്റെ അവസാന നാളുകളില്‍ ഒപ്പം ചെലവഴിക്കാനായി എന്നത് ഭാഗ്യമായി കരുതുന്നുവെന്നും അതിനാല്‍ അവസരം നഷ്ടമായതിനെ ഓര്‍ത്ത് നിരാശയില്ലെന്നും ജിതേഷ് ശര്‍മ പറയുന്നു.
ഫെബ്രുവരി ഒന്നിനാണ് രോഗബാധിതനായിരുന്ന ജിതേഷ് ശര്‍മയുടെ അച്ഛന്‍ മോഹന്‍ വര്‍മ്മ അന്തരിച്ചത്. അച്ഛനോടൊപ്പമുള്ള അവസാനത്തെ 7 ദിവസങ്ങള്‍ ചെലവഴിക്കാനായതില്‍ താന്‍ സന്തോഷവാനാണെന്ന് ജിതേഷ് പറയുന്നു. ഞാനും മനുഷ്യനല്ലെ, ലോകകപ്പ് ടീമില്‍ ഇടം പിടിക്കാനായില്ല എന്നതില്‍ നിരാശയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് എനിക്ക് മനസിലായി ലോകകപ്പിനേക്കാള്‍ എന്റെ അച്ഛന് എന്നെ ആവശ്യമുണ്ടായിരുന്നു. അതിനാല്‍ തന്നെ അതില്‍ ഒരു വിഷമമില്ല. ജിതേഷ് പറഞ്ഞു. ലോകകപ്പ് മത്സരങ്ങള്‍ ടിവിയിലൂടെ കണ്ടിരുന്നു. കളിക്കുന്നത് പോലെ അല്ലെങ്കിലും ടീമിന്റെ പ്രകടനം കാണുമ്പോള്‍ സമ്മര്‍ദ്ദവും വികാരവുമെല്ലാം അനുഭവപ്പെട്ടിരുന്നു. ടീമിന്റെ വിജയത്തില്‍ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താണെങ്കിലും മികച്ച പ്രകടനങ്ങളിലൂടെ ടീമില്‍ തിരിച്ചെത്താനുള്ള ശ്രമങ്ങളിലാണ് ജിതേഷ്.വരാനിരിക്കുന്ന ഐപിഎല്‍ സീസണിലൂടെ മികച്ച പ്രകടനം നടത്തി വീണ്ടും ദേശീയ ടീമിലേക്ക് മടങ്ങിയെത്തുക എന്നതാണ് താരത്തിന്റെ ലക്ഷ്യം.