പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്, ആർസിബി പേസർ യാഷ് ദയാലിന് ജാമ്യമില്ല

Yash Dayal
അഭിറാം മനോഹർ| Last Modified വ്യാഴം, 25 ഡിസം‌ബര്‍ 2025 (14:48 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ക്രിക്കറ്റ് താരം യാഷ് ദയാലിന്റെ
മുന്‍കൂര്‍ ജാമ്യാപേക്ഷ ജയ്പൂരിലെ പ്രത്യേക പോക്സോ കോടതി തള്ളി. ഗുരുതരമായ ആരോപണങ്ങളാണ് പ്രതിക്കെതിരെ ഉള്ളതെന്നും ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് ഉചിതമല്ലെന്ന് കോടതി വ്യക്തമാക്കി. ഇരയുടെ മൊഴി, ലഭ്യമായ തെളിവുകള്‍, കേസിന്റെ സാഹചര്യം എന്നിവ കണക്കിലെടുക്കുമ്പോള്‍ അന്വേഷണത്തിന് മുന്‍പ് പ്രതിക്ക് സംരക്ഷണം നല്‍കാനാകില്ലെന്ന് പോക്‌സോ കോടതി ഉത്തരവില്‍ പറഞ്ഞു.

ക്രിക്കറ്റ് കരിയര്‍ കെട്ടിപടുക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി വളരെക്കാലം തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് ജയ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതി. ക്രിക്കറ്റുമായി ബന്ധപ്പെട്ട അവസരങ്ങളും ഭാവി പിന്തുണയും വാഗ്ദാനം ചെയ്തായിരുന്നു യാഷ് ദയാലിന്റെ ചൂഷണമെന്നും പരാതിക്കാരി ആരോപിക്കുന്നു. കുറ്റകൃത്യങ്ങള്‍ നടന്നത് പ്രായപൂര്‍ത്തിയാകാത്ത പ്രായത്തിലായിരുന്നെന്നും പിന്നീട് പ്രതി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. അതേസമയം ആരോപണങ്ങള്‍ തെറ്റാണെന്നും പരസ്പര സമ്മതത്തോടെയായിരുന്നു ലൈംഗികബന്ധമെന്നും പ്രതിഭാഗം വാദിച്ചു.

അറിയപ്പെടുന്ന ക്രിക്കറ്റ് താരമായതിനാല്‍ പ്രതിക്ക് സമൂഹത്തോട് വലിയ ഉത്തരവാദിത്തമുണ്ടെന്നും പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും ഇരയെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ വാദിച്ചു.

യശ് ദയാലിനെ ചുറ്റിപ്പറ്റിയ വിവാദങ്ങള്‍ ഇതാദ്യമല്ല. മുന്‍കാലങ്ങളില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട പെരുമാറ്റത്തെക്കുറിച്ചുള്ള പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും, നിലവിലെ കേസ് ഒറ്റപ്പെട്ട സംഭവമാണോ എന്നതടക്കം അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :