അഭിറാം മനോഹർ|
Last Modified വെള്ളി, 13 ഫെബ്രുവരി 2026 (16:10 IST)
ടി20 ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ ബൗളിംഗ് പരീക്ഷണങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണറും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. വെറും 2 ഓവറില്‍ 3 വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിക്ക് ബൗളിംഗ് നിഷേധിച്ച് 5 വിക്കറ്റുകള്‍ സ്വന്തമാക്കാമെന്ന സുവര്‍ണാവസരം താരത്തിന് സൂര്യ നിഷേധിച്ചെന്ന് ശ്രീകാന്ത് പറയുന്നു.
ബൗളറെ മറ്റ് ടീമുകള്‍ക്ക് മുന്നില്‍ എക്‌സ്‌പോസ് ചെയ്യാതിരിക്കാനാണ് എന്നതൊക്കെ വിചിത്രവാദങ്ങളാണ്. അങ്ങനെയെങ്കില്‍ അവനെ മുറിക്കുള്ളില്‍ പൂട്ടിയിടുകയാണ് വേണ്ടിയിരുന്നത്. ലോകകപ്പില്‍ 5 വിക്കറ്റ് നേട്ടമെന്നത് ചെറിയ കാര്യമല്ല. ആ അവസരമാണ് വരുണിന് നിഷേധിക്കപ്പെട്ടത്. 2 ഓവര്‍ കൂടി അവന് കിട്ടിയിരുന്നെങ്കില്‍ നമീബിയയെ അവന്‍ ചുരുട്ടിക്കെട്ടിയേനെ. ശ്രീകാന്ത് പറഞ്ഞു.
പവര്‍പ്ലേ ഘട്ടത്തില്‍ ജസ്പ്രീത് ബുമ്രയെ വൈകിയാണ് ബൗളിംഗിന് ഇറക്കിയതെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി. എതിരാളികള്‍ പവര്‍പ്ലേയില്‍ വേഗത്തില്‍ റണ്‍സ് നേടിക്കൊണ്ടിരുന്ന സാഹചര്യത്തില്‍ ബുമ്രയെ ഏഴാം ഓവറിലാണ് ഉപയോഗിച്ചത്. മത്സരത്തിന്റെ ഗതി മാറ്റാന്‍ കഴിയുന്ന ഘട്ടത്തില്‍ മുഖ്യ ബൗളറെ ഉപയോഗിക്കാതിരിക്കുന്നത് ശരിയാണോ എന്നും ശ്രീകാന്ത് ചോദിക്കുന്നു. മത്സരത്തില്‍ വിജയിച്ചെങ്കിലും ശക്തരായ എതിരാളികള്‍ക്കെതിരെ തന്ത്രപരമായ പിഴവുകള്‍ തിരിച്ചടിക്കുമെന്നും ലോകകപ്പ് പോലെയുള്ള വേദിയില്‍ ഓരോ ഓവറുകളും നിര്‍ണായകമാണെന്നും ഫോമിലുള്ള ബൗളര്‍മാരെ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു.