Kerala Cricket League 2025: സഞ്ജുവിനെ നോക്കുകുത്തിയാക്കി ചേട്ടന്‍ സാംസണ്‍; കൊച്ചിക്ക് ജയത്തുടക്കം

ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം നിശ്ചിത 20 ഓവറില്‍ 97 നു ഓള്‍ഔട്ട് ആയി

KCL, KCL 2025, Kerala Cricket League 2025 Sanju Samson Kochi Tigers, Sanju Samson, സഞ്ജു സാംസണ്‍, കൊച്ചി ടൈഗേഴ്‌സ്, കേരള ക്രിക്കറ്റ് ലീഗ്‌
Thiruvananthapuram| രേണുക വേണു| Last Modified വെള്ളി, 22 ഓഗസ്റ്റ് 2025 (09:45 IST)
Kochi Blue Tigers

Kochi Blue Tigers vs Adani Trivandrum Royals: കേരള ക്രിക്കറ്റ് ലീഗിലെ ഉദ്ഘാടന ദിനം നടന്ന രണ്ടാം മത്സരത്തില്‍ സഞ്ജു സാംസണിന്റെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനു എട്ട് വിക്കറ്റ് ജയം. ആതിഥേയരായ അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെയാണ് കൊച്ചി തോല്‍പ്പിച്ചത്.

ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം നിശ്ചിത 20 ഓവറില്‍ 97 നു ഓള്‍ഔട്ട് ആയി. മറുപടി ബാറ്റിങ്ങില്‍ 11.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കൊച്ചി ലക്ഷ്യംകണ്ടു. 'സാംസണ്‍' കരുത്തിലാണ് കൊച്ചിയുടെ അനായാസ ചേസിങ്, അത് സഞ്ജു സാംസണ്‍ അല്ലെന്ന് മാത്രം ! സഞ്ജുവിന്റെ സഹോദരന്‍ സലി വിശ്വനാഥ് സാംസണ്‍ ആണ് കൊച്ചിയെ വിജയത്തിലെത്തിച്ചത്. നാലാമനായി ഇറങ്ങിയ കൊച്ചി നായകന്‍ സലി 30 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 50 റണ്‍സുമായി പുറത്താകാതെ നിന്നു. സഞ്ജു സാംസണ്‍ ബാറ്റിങ്ങിനു ഇറങ്ങിയില്ല. മുഹമ്മദ് ഷാനു (20 പന്തില്‍ പുറത്താകാതെ 23) സാലിക്ക് മികച്ച പിന്തുണ നല്‍കി.

32 പന്തില്‍ 28 റണ്‍സ് നേടിയ അഭിജിത്ത് പ്രവീണ്‍ ആണ് അദാനി ട്രിവാന്‍ഡ്രത്തിന്റെ ടോപ് സ്‌കോറര്‍. ബേസില്‍ തമ്പി 20 റണ്‍സ് നേടി. സുബിന്‍ എസ് (പൂജ്യം), കൃഷ്ണപ്രസാദ് (11), റിയ ബഷീര്‍ (ഏഴ്), ഗോവിന്ദ് ദേവ് പൈ (മൂന്ന്), അബ്ദുള്‍ ബാസിത് (17) എന്നിവര്‍ നിരാശപ്പെടുത്തി.

കൊച്ചിക്കായി അഖിന്‍ സത്താര്‍ നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ആഷിക്കിന് മൂന്ന് ഓവറില്‍ 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :