അഭിറാം മനോഹർ|
Last Modified വെള്ളി, 13 മാര്‍ച്ച് 2026 (17:06 IST)
ഐപിഎല്‍ 2026 ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ, ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജോഷ് ഹേസല്‍വുഡിന്റെ പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. ആര്‍സിബിയുടെ മുഖ്യ ബൗളറായ ഹേസല്‍വുഡിന് ഫിറ്റ്‌നസ് സംബന്ധമായ പ്രശ്‌നങ്ങള്‍ തുടരുന്നതിനാല്‍ താരത്തിന്റെ മെഡിക്കല്‍ ക്ലിയറന്‍സിനുള്ള കാത്തിരിപ്പിലാണ് ആര്‍സിബി.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹേസില്‍വുഡ് ഇപ്പോഴും ഫിസിയോതെറാപ്പി ചികിത്സയില്‍ തുടരുകയാണ്. ഹാംസ്ട്രിംഗ് പരിക്കിനും ആകിലീസ് ടെന്‍ഡണ്‍ പ്രശ്‌നങ്ങള്‍ക്കും ശേഷമാണ് താരം പൂര്‍ണമായും മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത്. താരത്തിന്റെ ഫിറ്റ്‌നസ് നില പൂര്‍ണമായി വിലയിരുത്തിയ ശേഷമേ ഐപിഎലില്‍ പങ്കെടുക്കാന്‍ അന്തിമ അനുമതി നല്‍കുകയുള്ളൂവെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ നിലപാട്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ആഭ്യന്തര മത്സരത്തിനിടെ ഹേസില്‍വുഡിന് വലത് ഹാംസ്ട്രിംഗില്‍ പരിക്ക് സംഭവിച്ചിരുന്നു. പിന്നീട് ഉണ്ടായ ആകിലീസ് ടെന്‍ഡണ്‍ പ്രശ്‌നവും താരത്തിന്റെ തിരിച്ചുവരവ് വൈകാന്‍ കാരണമായി.ഇതിന്റെ പശ്ചാത്തലത്തില്‍ നിരവധി അന്താരാഷ്ട്ര മത്സരങ്ങളും പ്രധാന ടൂര്‍ണമെന്റുകളും താരം നഷ്ടപ്പെടുത്തിയിരുന്നു.
അതേസമയം കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ആര്‍സിബിയുടെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു ഹേസല്‍വുഡ്. പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും നിര്‍ണായക വിക്കറ്റുകള്‍ നേടാന്‍ കഴിയുന്ന താരമായതിനാല്‍ അദ്ദേഹത്തിന്റെ അഭാവം ടീമിന് വലിയ തിരിച്ചടിയാകാന്‍ സാധ്യതയേറെയാണ്.
12 കളികളില്‍ നിന്ന് 22 വിക്കറ്റുകളാണ് കഴിഞ്ഞ സീസണില്‍ താരം വീഴ്ത്തിയത്.