1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Joe Root Surpasses Virat Kohli's Major ODI Record With Masterful Unbeaten 99 Against India

ചേസ് മാസ്റ്ററെ പിന്നിലാക്കി ജോ റൂട്, ഇന്ത്യക്കെതിരായ 99 നോട്ടൗട്ടിലൂടെ വമ്പൻ റെക്കോർഡ്

Joe Root 99 Unbeaten Against India
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍  പുറത്താകാതെ നേടിയ 99 റണ്‍സിന്റെ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റില്‍ വിരാട് കോലിയെ പിന്നിലാക്കി ഇംഗ്ലണ്ടിന്റെ ജോ റൂട്ട്.  വിജയകരമായി ചേസിങ്ങുകളില്‍(മിനിമം 2000 റണ്‍സ്) ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരിയുള്ള ബാറ്റര്‍മാരുടെ പട്ടികയിലാണ് ജോ റൂട്ട് കോലിയെ പിന്നിലാക്കിയത്.
 
മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 234 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിനായി പുറത്താകാതെ 133 പന്തില്‍ 99 റണ്‍സാണ് താരം നേടിയത്. നിലവില്‍ ചേസിങ്ങില്‍ 102.71 ശരാശരിയുമായി ഇന്ത്യയുടെ മഹേന്ദ്രസിംഗ് ധോനിയാണ് പട്ടികയില്‍ ഒന്നാമത്. 91.59 ശരാശരിയുമായി ജോ റൂട്ട് രണ്ടാം സ്ഥാനത്തും 89.07 ശരാശരിയുമായി വിരാട് കോലി മൂന്നാം സ്ഥാനത്തുമാണ്.
 
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. എന്നാല്‍ പതിവിന് വിപരീതമായി പതിഞ്ഞ രീതിയിലാണ് രോഹിത് കളിച്ചത്. 47 ബോളുകള്‍ നേരിട്ട താരം 26 റണ്‍സ് മാത്രമാണ് നേടിയത്. 66 പന്തില്‍ 65 റണ്‍സുമായി വിരാട് കോലി തിളങ്ങി. കോലിയെ കൂടാതെ 71 പന്തില്‍ 66 റണ്‍സുമായി ശ്രേയസ് അയ്യര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങി. ശുഭ്മാന്‍ ഗില്‍ 30 പന്തില്‍ 31 റണ്‍സും ജസ്പ്രീത് ബുമ്ര 13 പന്തില്‍ 20 റണ്‍സുമെടുത്തു.
 
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ടീം സ്‌കോര്‍ 8 റണ്‍സില്‍ നില്‍ക്കെ 2 ഓപ്പണര്‍മാരെയും ഇംഗ്ലണ്ടിന് നഷ്ടമായി. തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഒരറ്റത്ത് ജോ റൂട്ട് ഉറച്ചുനിന്നതോടെയാണ് ഇന്ത്യയ്ക്ക് കാര്യങ്ങള്‍ കൈവിട്ടത്. 133 പന്തുകള്‍ നേരിട്ട താരം 99 റണ്‍സുമായി പുറത്താകാതെ നിന്നു. ഒരു ഘട്ടത്തില്‍ 125 റണ്‍സിന് 5 വിക്കറ്റുകള്‍ എന്ന നിലയിലായെങ്കിലും 44 പന്തില്‍ 30 റണ്‍സുമായി വില്‍ ജാക്‌സ് റൂട്ടിന് മികച്ച പിന്തുണയാണ് നല്‍കിയത്. 16 പന്തില്‍ 23 റണ്‍സെടുത്ത ഗസ് അറ്റ്കിന്‍സനാണ് ഇംഗ്ലണ്ട് വിജയം അനായാസമാക്കിയത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ആര് പറയുന്നു ഇതെല്ലാം, ഗംഭീറും കോലിയും തമ്മിൽ പ്രശ്നങ്ങളില്ല, നിഷേധിച്ച് ബാറ്റിംഗ് കോച്ച് സിതാൻഷു കൊട്ടക്