കണ്ണീരോടെ ജെമീമ, ആശ്വസിപ്പിക്കാൻ ഓടിയെത്തി സ്മൃതി, ഡൽഹിയ്ക്ക് വീണ്ടും ശപിക്കപ്പെട്ട ഫൈനൽ പരാജയം

ഗ്രൗണ്ടില്‍ നിന്ന് ഡ്രസ്സിംഗ് റൂമിലേക്ക് നടന്ന ജെമീമയുടെ മുഖത്തെ നിരാശയും കണ്ണീരും ഡല്‍ഹി ആരാധകരുടെ ഹൃദയം തകര്‍ക്കുന്നതായിരുന്നു.

Jemimah Rodrigues emotional, Jemimah- Smriti Mandana, Delhi capitals, RCB WPL Title
രേണുക വേണു| Last Modified വെള്ളി, 6 ഫെബ്രുവരി 2026 (10:22 IST)
കളിക്കളത്തിലെ തോല്‍വികള്‍ പലപ്പോഴും അളക്കുന്നത് സ്‌കോര്‍ബോര്‍ഡ് നോക്കിയാകും. എന്നാല്‍ ചില പരാജയങ്ങള്‍ നല്‍കുന്ന മുറിവുകള്‍ ആഴത്തിലുള്ളതാകും. അത്തരത്തിലുള്ള ദൗര്‍ഭാഗ്യം വേട്ടയാടുന്ന ടീമാണ് വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ ഡല്‍ഹിയുടേത്. തുടര്‍ച്ചയായ 4 ഫൈനല്‍ മത്സരങ്ങളില്‍ കളിക്കാനായിട്ടും ഒരു തവണ പോലും കിരീടം സ്വന്തമാക്കാനായില്ല എന്ന ദൗര്‍ഭാഗ്യമാണ് ഡല്‍ഹിക്കൊപ്പമുള്ളത്.

ഇന്നലെ നടന്ന ഫൈനലില്‍ ആര്‍സിബി ഡല്‍ഹി നിരയെ നിഷ്പ്രഭമാക്കിയപ്പോള്‍ മൈതാനത്ത് എന്ത് ചെയ്യണമെന്നറിയാതെ തരിച്ചിരുന്ന ഡല്‍ഹി ക്യാപ്റ്റന്‍ ജെമീമ റോഡ്രിഗസിന്റെ മുഖമാണ് ആരാധകരുടെ മനസ്സില്‍ നോവായി ബാക്കിനില്‍ക്കുന്നത്. അര്‍ധസെഞ്ചുറിയുമായി ഡല്‍ഹി ടീമിന് എല്ലാം നല്‍കിയിട്ടും കിരീടനേട്ടം കൈവിട്ടതാണ് ജെമീമയെ തളര്‍ത്തിയത്. ആര്‍സിബിക്കെതിരെ ഫൈനലില്‍ 203 എന്ന സ്‌കോര്‍ അടിച്ചെടുത്തതോടെ ആദ്യ കിരീടവിജയം പ്രതീക്ഷിച്ച ആരാധകര്‍ക്കും മത്സരം നിരാശയാണ് സമ്മാനിച്ചത്.

ഗ്രൗണ്ടില്‍ നിന്ന് ഡ്രസ്സിംഗ് റൂമിലേക്ക് നടന്ന ജെമീമയുടെ മുഖത്തെ നിരാശയും കണ്ണീരും ഡല്‍ഹി ആരാധകരുടെ ഹൃദയം തകര്‍ക്കുന്നതായിരുന്നു. അതേസമയം ഈ സമയത്തും ജെമീമയ്ക്കരികെ ആര്‍സിബി ക്യാപ്റ്റന്‍ കൂടിയായ സ്മൃതി മന്ദാന എത്തിയെന്നത് ആരാധകര്‍ ഏറ്റെടുത്ത നിമിഷമായിരുന്നു. കോച്ചെന്ന നിലയില്‍ എസ്എ 20 ഫൈനലിലും തോല്‍വി ഏറ്റുവാങ്ങിയ മുന്‍ ഇന്ത്യന്‍ നായകനും ഡല്‍ഹി മെന്ററുമായ സൗരവ് ഗാംഗുലിയ്ക്കും പരാജയം വലിയ ആഘാതമായി മാറി. ഫൈനലില്‍ ഡല്‍ഹി പതറുന്നത് നോക്കിനില്‍ക്കാനെ ഗാംഗുലിയ്ക്ക് കഴിഞ്ഞുള്ളു.


2023-ല്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റ് തുടങ്ങിയ ഡല്‍ഹിയുടെ ഫൈനല്‍ ശാപം 2024ല്‍ ആര്‍സിബിയോടും 2025-ല്‍ വീണ്ടും മുംബൈയോടും ആവര്‍ത്തിച്ചിരുന്നു. ഇത്തവണ മികച്ച സ്‌കോര്‍ ഉയര്‍ത്തിയിട്ടും, സ്മൃതി മന്ദാനയുടെയും ജോര്‍ജിയ വോളിന്റെയും കരുത്തിലാണ് ആര്‍സിബി വിജയം തട്ടിയെടുത്തത്. 200-ന് മുകളില്‍ റണ്‍സ് നേടിയിട്ടും ഒരു ഫൈനലില്‍ പരാജയപ്പെടുക എന്നത് ഡല്‍ഹിക്ക് എളുപ്പത്തില്‍ മറക്കാനാവില്ല എന്നതുറപ്പാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :