രേണുക വേണു|
Last Modified വെള്ളി, 2 ജനുവരി 2026 (17:18 IST)
ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് മുന്നോടിയായി ഇന്ത്യയ്ക്ക് കൂടുതല്‍ അനുകൂലമായ മത്സരക്രമവും സാഹചര്യങ്ങളും ലഭിക്കുന്നുവെന്ന ആരോപണവുമായി ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജെയിംസ് നീഷം. ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകള്‍ക്ക് മുന്‍പായി നടത്തിയ പ്രതികരണത്തിലാണ് നീഷം ഈ അഭിപ്രായം പങ്കുവെച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പ്രത്യേകിച്ച് ലോകകപ്പ് പോലുള്ള വലിയ ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് മുന്‍പ് സ്വന്തം മണ്ണില്‍ കൂടുതല്‍ മത്സരങ്ങളും ശക്തമായ ടീമുകളുമായുള്ള പരമ്പരകളും ലഭിക്കുന്നുവെന്നാണ് നീഷം പറയുന്നത്. ഇതുവഴി ഇന്ത്യയ്ക്ക് ടീമിന്റെ താളവും ആത്മവിശ്വാസവും മെച്ചപ്പെടുത്താന്‍ അവസരം ലഭിക്കുന്നുവെന്നും നീഷം പറഞ്ഞു.
ഇത്തവണ ടി20 ലോകകപ്പില്‍ ആതിഥേയര്‍ ഇന്ത്യയാണ്. ലോകകപ്പിന് മുന്‍പായി ശക്തരായ ഓസ്‌ട്രേലിയക്കെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും
ഇന്ത്യ ടി20 പരമ്പരകള്‍ കളിച്ചു. ഇപ്പോള്‍ ന്യൂസിലന്‍ഡിനെതിരെയും കളിക്കാന്‍ പോകുന്നു.ഇത് ലോകകപ്പിന് മുന്‍പ് ഇന്ത്യയ്ക്ക് മറ്റ് ടീമുകളേക്കാള്‍ മുന്‍തൂക്കം നല്‍കുന്നതാണ്. നീഷം പറയുന്നു.
അതേസമയം ഇന്ത്യക്കെതിരെ മത്സരിക്കാനിറങ്ങുമ്പോള്‍ തങ്ങള്‍ക്ക് കൃത്യമായ പദ്ധതികളുണ്ടെന്നും നീഷം പറഞ്ഞു. വര്‍ഷങ്ങളായി ഇന്ത്യന്‍ സാഹചര്യത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്താനായിട്ടുണ്ട്. എങ്കിലും ഇന്ത്യയെ പോലെ ഒരു ടീമിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിക്കുക എളുപ്പമല്ല. എങ്കിലും ടി20 ലോകകപ്പിന്റെ സമ്മര്‍ദ്ദമില്ലാതെ പരമ്പരയിലേക്ക് മാത്രമാണ് നിലവില്‍ ശ്രദ്ധ വെയ്ക്കുന്നതെന്നും നീഷം പറഞ്ഞു.