അഭിറാം മനോഹർ|
Last Modified ചൊവ്വ, 13 ജനുവരി 2026 (17:57 IST)
ഐപിഎല്‍ 2026 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കപ്പടിക്കാന്‍ സാധ്യതയധികമെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നറും ചെന്നൈ താരവുമായിരുന്ന ആര്‍ അശ്വിന്‍. ഒരൊറ്റ കാര്യം മാത്രം അനുകൂലമായി സംഭവിച്ചാല്‍ ചെന്നൈ 2026ല്‍ തങ്ങളുടെ ആറാം ഐപിഎല്‍ കിരീടത്തില്‍ മുത്തമിടുമെന്നാണ് അശ്വിന്‍ പറയുന്നത്.
ടോപ് ഓര്‍ഡറില്‍ റുതുരാജ് ഗായ്ക്വാദ്,ആയുഷ് മാത്രെ,സഞ്ജു സാംസണ്‍ എന്നിങ്ങനെ മികച്ച നിരയാണ് ചെന്നൈയ്ക്കുള്ളത്. ഈ 3 പേര്‍ക്കും കൂടി അടുത്ത സീസണില്‍ 1000 റണ്‍സ് നേടാനായാല്‍ ചെന്നൈ ആറാം ഐപിഎല്‍ കിരീടം സ്വന്തമാക്കുമെന്നാണ് അശ്വിന്‍ പറയുന്നത്. ഇതില്‍ ഒരു സംശയവും വേണ്ടെന്നും അശ്വിന്‍ വ്യക്തമാക്കുന്നു. പരിചയസമ്പത്തും സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ കളി നിയന്ത്രിക്കാനുമുള്ള കഴിവും ഈ താരങ്ങള്‍ക്കുണ്ടെന്നാണ് അശ്വിന്റെ വിലയിരുത്തല്‍. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തതെങ്കിലും ഒരുപിടി യുവതാരങ്ങളുടെ മികച്ച പ്രകടനം ചെന്നൈയ്ക്ക് ആശ്വാസം നല്‍കിയിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ വെറും 5 മത്സരങ്ങളിലാണ് നായകനായ റുതുരാജ് ഗെയ്ക്ക്വാദ് ചെന്നൈയ്ക്കായി കളിച്ചത്. ഇതില്‍ 122 റണ്‍സ് മാത്രമാണ് താരത്തിന് സ്വന്തമാക്കാനായത്.
എന്നാല്‍ ഐപിഎല്ലില്‍ 3 സീസണുകളില്‍ 500+ നേടിയ താരമാണ് റുതുരാജ്. ഓപ്പണിങ്ങില്‍ സ്ഥിരതയോടെ കളിക്കുന്ന ഒരു താരം ഏത് ടീമിനും ബലം നല്‍കുന്നതാണ്. സഞ്ജു സാംസണാകട്ടെ ടോപ് ഓര്‍ഡറില്‍ രാജസ്ഥാനായും ഇന്ത്യയ്ക്കായും കഴിവ് തെളിയിച്ച താരമാണ്. 2024ല്‍ 531 റണ്‍സ് ഐപിഎല്ലില്‍ നേടാന്‍ സഞ്ജുവിനായിരുന്നു. ഈ മികവാണ് 2026ല്‍ സഞ്ജുവില്‍ നിന്ന് ചെന്നൈ പ്രതീക്ഷിക്കുന്നത്. യുവതാരമായ ആയുഷ് മാത്രെയും ചെന്നൈ ഏറെ പ്രതീക്ഷയോടെ നോക്കികാണുന്ന താരമാണ്. ടോപ് ഓര്‍ഡറിലെ ഈ 3 പേരെ കൂടാതെ ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, എം എസ് ധോനി തുടങ്ങി ശക്തമായ ബാറ്റിംഗ് നിരയാണ് ചെന്നൈയ്ക്കുള്ളത്.