അഭിറാം മനോഹർ|
Last Modified വെള്ളി, 26 ഡിസംബര്‍ 2025 (13:44 IST)
തിരുവനന്തപുരം: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള വനിതാ ടി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും. രാത്രി 7 മണിക്ക് ആരംഭിക്കുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും ജിയോ ഹോട്ട്സ്റ്റാറിലും തത്സമയം കാണാനാകും. അഞ്ചു മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ ഇതിനകം തന്നെ 2-0ന്റെ ശക്തമായ മുന്‍തൂക്കം സ്വന്തമാക്കിയിട്ടുണ്ട്. ഇന്നത്തെ
മത്സരം വിജയിക്കാനായാല്‍ പരമ്പര ഉറപ്പിക്കാന്‍ ഹര്‍മന്‍ പ്രീത് കൗറിനും സംഘത്തിനുമാകും.
വിശാഖപട്ടണത്ത് നടന്ന ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യ ആധികാരിക പ്രകടനമാണ് പുറത്തെടുത്തത്. ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും ഷഫാലി വര്‍മയും നല്‍കുന്ന മികച്ച തുടക്കവും മധ്യനിരയില്‍ ജെമീമ റോഡ്രിഗസ് നല്‍കുന്ന സ്ഥിരതയുമാണ് ഇന്ത്യന്‍ വിജയങ്ങള്‍ക്ക് പിന്നില്‍. ബൗളിങ്ങില്‍ സ്‌നേഹ് റാണ,അരുന്ധതി റെഡ്ഡി,അമന്‍ജോത് കൗര്‍ എന്നിവര്‍ മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്.
അതേസമയം, പരമ്പരയില്‍ നിലനില്‍ക്കാന്‍ ശ്രീലങ്കയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ക്യാപ്റ്റന്‍ ചമാരി അതപാത്തുവിന്റെ നേതൃത്വത്തിലുള്ള ടീമിന് ഇന്ത്യക്കെതിരെ വിജയിക്കണമെങ്കില്‍ ബാറ്റിംഗിലും ബൗളിംഗിലും മെച്ചപ്പെടേണ്ടതായുണ്ട്. കഴിഞ്ഞ 2
മത്സരങ്ങളിലും ഇന്ത്യന്‍ ബൗളര്‍മാരെ നേരിടുന്നതില്‍ ലങ്കന്‍ ബാറ്റര്‍മാര്‍ ബുദ്ധിമുട്ടിയത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. ഇന്ന് മികച്ച തുടക്കവും മധ്യനിരയിലെ ഉത്തരവാദിത്തമുള്ള പ്രകടനവുമാണ് ശ്രീലങ്ക പ്രതീക്ഷിക്കുന്നത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ വനിതാ അന്താരാഷ്ട്ര ടി20 മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. വനിതാ ക്രിക്കറ്റിനുള്ള കേരളത്തിന്റെ പിന്തുണ വീണ്ടും തെളിയിക്കുന്ന വേദിയാവും തിരുവനന്തപുരം. സ്പിന്‍-പേസ് സംയോജിതമായ പിച്ചില്‍ ടോസ് നിര്‍ണായകമാകാമെന്നും, രണ്ടാം പകുതിയില്‍ ഡ്യൂ ഫാക്ടര്‍ സ്വാധീനിക്കാമെന്നുമാണ് വിലയിരുത്തല്‍.
പരമ്പരയിലെ ഗതി നിര്‍ണയിക്കുന്ന ഈ മത്സരത്തില്‍ ഇന്ത്യ വീണ്ടും ആധിപത്യം പുലര്‍ത്തുമോ, അതോ ശ്രീലങ്ക തിരിച്ചുവരവിന്റെ സൂചന നല്‍കുമോ എന്നതാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അതേസമയം ലോകകപ്പ് വിജയികളുടെ മത്സരം നേരിട്ട് കാണാനുള്ള ആകാംക്ഷയിലാണ് തിരുവനന്തപുരത്തെ ക്രിക്കറ്റ് പ്രേമികള്‍.