രേണുക വേണു|
Last Modified വെള്ളി, 6 ഫെബ്രുവരി 2026 (11:01 IST)
ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിനായി ഇന്ത്യ കൊളംബോയിലെത്തുമെന്ന് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ത്യന്‍ നായകന്‍ നിലപാട് വ്യക്തമാക്കിയത്. ഫെബ്രുവരി 15-ന് കൊളംബോയില്‍ നിശ്ചയിച്ചിട്ടുള്ള മത്സരത്തിനായി ഇന്ത്യന്‍ ടീം യാത്ര തിരിക്കുമെന്നും ബാക്കി കാര്യങ്ങള്‍ അവിടെ എത്തിയ ശേഷം തീരുമാനിക്കുമെന്നും സൂര്യകുമാര്‍ വ്യക്തമാക്കി.
ലോകകപ്പിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. 'ഞങ്ങള്‍ കൊളംബോയിലേക്കുള്ള ഫ്‌ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. എന്തായാലും ഞങ്ങള്‍ കൊളംബോയിലേക്ക് പോകും. ബാക്കി കാര്യങ്ങള്‍ അവിടെ ചെന്നിട്ട് നോക്കാം,' സൂര്യകുമാര്‍ പറഞ്ഞു. ഐസിസി മാനദണ്ഡങ്ങള്‍ പാലിച്ച് ഗ്രൗണ്ടിലെത്താനാണ് ഇന്ത്യയുടെ തീരുമാനം. മത്സരത്തിനായി പാകിസ്ഥാന്‍ കളത്തിലിറങ്ങിയില്ലെങ്കില്‍ ഇന്ത്യയ്ക്ക് വാക്കോവര്‍ വഴി 2 പോയന്റ് ലഭിക്കും. ഇന്ത്യയും ഗ്രൗണ്ടിലെത്തിയില്ലെങ്കില്‍ മത്സരം റദ്ദാക്കുകയും പോയന്റ് ഇരുടീമുകളും പങ്കിടേണ്ടി വരികയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഗ്രൗണ്ടിലെത്തുമെന്ന് അറിയിച്ചത്.
അതേസമയം തിലക് വര്‍മ്മ പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയത് ടീമിന് കരുത്താകുമെന്നും വാഷിങ്ങ്ടന്‍ സുന്ദര്‍ കായികക്ഷമത വീണ്ടെടുത്ത് വരികയാണെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന്റെ വിജയത്തിന് മുന്‍ഗണന നല്‍കുന്ന സംസ്‌കാരം ഡ്രസ്സിംഗ് റൂമില്‍ വളര്‍ത്തിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും സൂര്യകുമാര്‍ വ്യക്തമാക്കി.