അഭിറാം മനോഹർ|
Last Modified ബുധന്‍, 24 ഡിസംബര്‍ 2025 (19:06 IST)
തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് ക്രിസ്മസ്-പുതുവത്സര സമ്മാനമായി ലോക ജേതാക്കളായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഇന്ന് തലസ്ഥാനത്തെത്തും. ശ്രീലങ്കയുമായുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ നിർണായകമായ അവസാന മൂന്ന് പോരാട്ടങ്ങൾക്ക് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ് വേദിയാകുന്നത്. സ്മൃതി മന്ദാന, ഹർമൻപ്രീത് കൗർ, ഷെഫാലി വർമ്മ തുടങ്ങിയ സൂപ്പർ താരങ്ങൾ ഉൾപ്പെടുന്ന ടീം വൈകുന്നേരം 5.40-ഓടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് ഇറങ്ങും.
പരമ്പരയിലെ
നിർണായകമായ മൂന്ന് മത്സരങ്ങൾ ഡിസംബർ 26, 28, 30 തീയതികളിലായാണ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുക. ക്രിസ്മസ് ദിനത്തിൽ ഉച്ചയ്ക്ക് ശേഷം ഇരു ടീമുകളും സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും. രണ്ടാം ടി20യിലെ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിൽ എത്തുന്ന ഇന്ത്യയ്ക്ക് കാര്യവട്ടത്തെ മത്സരങ്ങൾ ഏറെ നിർണ്ണായകമാണ്. ഈ വർഷത്തെ ഏകദിന ലോകകപ്പ് വിജയികളായതിന് ശേഷം വലിയ സ്വീകാര്യതയാണ് വനിതാ ടീമിന് ലഭിക്കുന്നത്. സ്മൃതി മന്ദാന, ഹർമൻ പ്രീത് കൗർ തുടങ്ങിയ താരങ്ങളെ കാണാൻ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലേക്ക് ആരാധകർ ഒഴുകിയെത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
വനിതാ ക്രിക്കറ്റിലെ ഒരു വമ്പൻ പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് കേരള ക്രിക്കറ്റ് അസോസിയേഷനെ (KCA) സംബന്ധിച്ച് വലിയൊരു വെല്ലുവിളിയും അതേസമയം അഭിമാനകരവുമായ കാര്യമാണ്. കാണികൾക്കായി കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളാണ് സംഘാടകർ ഏർപ്പെടുത്തിയിട്ടുള്ളത്. വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും 125 രൂപയ്ക്കും ജനറൽ ടിക്കറ്റുകൾ 250 രൂപയ്ക്കും ലഭിക്കും. ഹോസ്പിറ്റാലിറ്റി സീറ്റുകൾക്ക് 3000 രൂപയാണ് വില. ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികൾ, ബാഗുകൾ, കുടകൾ, ഹെൽമെറ്റ് എന്നിവ സ്റ്റേഡിയത്തിനുള്ളിൽ അനുവദിക്കില്ലെന്ന് കെ.സി.എ അറിയിച്ചിട്ടുണ്ട്.