India vs South Africa, 1st T20I: മറുപടിയില്ലാതെ ദക്ഷിണാഫ്രിക്ക; ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ടര്‍ മികവില്‍ ഇന്ത്യക്കു വമ്പന്‍ ജയം

മറുപടി ബാറ്റിങ്ങില്‍ അപകടകാരിയായ ഡ്വൊള്‍ഡ് ബ്രേവിസ് (14 പന്തില്‍ 22) മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതിയത്

India vs South Africa 1st T20I Updates, India South Africa, Sanju Samson
രേണുക വേണു| Last Modified ബുധന്‍, 10 ഡിസം‌ബര്‍ 2025 (08:26 IST)
Hardik Pandya

India vs South Africa, 1st T20I: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 യില്‍ ഇന്ത്യക്ക് 101 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 12.3 ഓവറില്‍ 74 നു ഓള്‍ഔട്ട്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് കളിയിലെ താരം.

ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ (12 പന്തില്‍ 17), ശുഭ്മാന്‍ ഗില്‍ (രണ്ട് പന്തില്‍ നാല്) എന്നിവര്‍ അതിവേഗം മടങ്ങുകയും നായകന്‍ സൂര്യകുമാര്‍ യാദവ് (11 പന്തില്‍ 12) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തുകയും ചെയ്തപ്പോള്‍ 48-3 എന്ന നിലയില്‍ ഇന്ത്യ പതറിയാണ്. എന്നാല്‍ നാലാമനായി എത്തിയ തിലക് വര്‍മ (32 പന്തില്‍ 26), അഞ്ചാമതെത്തിയ അക്‌സര്‍ പട്ടേല്‍ (21 പന്തില്‍ 23) എന്നിവര്‍ പ്രതിരോധം തീര്‍ത്തു. ഹാര്‍ദിക് പാണ്ഡ്യ വെറും 28 പന്തുകള്‍ നേരിട്ട് 210.71 സ്‌ട്രൈക് റേറ്റില്‍ പുറത്താകാതെ 59 റണ്‍സ് നേടി. ആറ് ഫോറുകളും നാല് സിക്‌സും അടങ്ങിയതാണ് പാണ്ഡ്യയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ജിതേഷ് ശര്‍മ (അഞ്ച് പന്തില്‍ 10) പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങില്‍ അപകടകാരിയായ ഡ്വൊള്‍ഡ് ബ്രേവിസ് (14 പന്തില്‍ 22) മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതിയത്. ഏദന്‍ മാര്‍ക്രവും ട്രിസ്റ്റണ്‍ സ്റ്റബ്‌സും 14 റണ്‍സ് വീതമെടുത്തു. മറ്റാര്‍ക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, ജസ്പ്രിത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്കു രണ്ട് വീതം വിക്കറ്റുകള്‍. ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര ഇന്ത്യ 1-0 ത്തിനു ലീഡെടുത്തു. വ്യാഴാഴ്ചയാണ് രണ്ടാം ടി20 മത്സരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :