കേപ്‌ടൗണിലും ഇന്ത്യയ്ക്ക് തോൽവി, ദക്ഷിണാഫ്രിക്കയിൽ വീണ്ടും സീരീസ് കൈവിട്ടു

അഭിറാം മനോഹർ| Last Modified വെള്ളി, 14 ജനുവരി 2022 (17:45 IST)
പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇന്ത്യയെ തകർത്ത് ദക്ഷിണാഫ്രിക്ക. കേപ്ടൗണില്‍ ഏഴു വിക്കറ്റ് ജയത്തോടെ മത്സരവും പരമ്പരയും (2-1) സ്വന്തമാക്കി. ഓസീസിലും ഇംഗ്ലണ്ടിലും മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ നിര താരതമ്യേന ദുർബലരായ സൗത്താഫ്രിക്കക്കെതിരെ സ്വന്തമാക്കുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചതെങ്കിലും ഇത്തവണയും ഇന്ത്യയ്ക്ക് കൈപൊള്ളി.

സെഞ്ചൂറിയനില്‍ നടന്ന ഒന്നാം ടെസ്റ്റ് 113 റണ്‍സിന് ജയിച്ച ഇന്ത്യ, ജൊഹാനസ്ബര്‍ഗില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു. മൂന്നാമത്തെയും അവസാനത്തെയുമായ കേപ്‌ടൗൺ ടെസ്റ്റിൽ ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു.

അര്‍ധ സെഞ്ചുറി നേടിയ കീഗന്‍ പീറ്റേഴ്സനാണ് നാലാം ദിനം ഇന്ത്യന്‍ പ്രതീക്ഷ തകര്‍ത്തത്. 113 പന്തില്‍ നിന്ന് 82 റണ്‍സെടുത്താണ് പീറ്റേഴ്സണ്‍ മടങ്ങിയത്. 41റണ്‍സുമായി റാസ്സി വാന്‍ഡെര്‍ ദസ്സനും 32 റണ്‍സുമായി ടെംബ ബവുമയും പുറത്താകാതെ നിന്നു.ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ രണ്ടാമിന്നിങ്സിൽ സെഞ്ചുറി പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന്റെ ബലത്തിലാണ് ഇന്ത്യ 200 റൺസ് വിജയലക്ഷ്യം മുന്നോട്ട് വെച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :