രേണുക വേണു|
Last Modified ചൊവ്വ, 3 ഫെബ്രുവരി 2026 (11:41 IST)
ക്രിക്കറ്റ് പിച്ചിലെ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം വെറുമൊരു മത്സരമല്ല, മറിച്ച് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും കൂടുതല്‍ പണം ഒഴുകുന്ന ഇവന്റ് കൂടിയാണ്. ഇന്ത്യ- പാക് മത്സരം നടക്കുമ്പോള്‍ ആ മത്സരങ്ങള്‍ ഉണ്ടാക്കുന്ന മൂല്യമെന്നത് 500 മില്യണ്‍ ഡോളറിന്റേതാണ്. അതായത് ഏകദേശം 4500 കോടി രൂപ. ലോകത്ത് ഏത് ടൂര്‍ണമെന്റിലെയും മത്സരങ്ങളേക്കാള്‍ വരുമാനമുള്ള മത്സരം.
രാഷ്ട്രീയപരമായി ഇരുരാജ്യങ്ങളും ഏറെ അകലത്തിലാണെങ്കിലും വാണിജ്യപരമായുണ്ടാകുന്ന ഈ നേട്ടമാണ് ഓരോ ഐസിസി ടൂര്‍ണമെന്റിലും ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടുന്നതിന് കാരണം. സംപ്രേക്ഷണ അവകാശം, ടിക്കറ്റ് വരുമാനം, സ്‌പോണ്‍സര്‍ഷിപ്പ്, നിയമപരമായ ബെറ്റിംഗ്, പരസ്യങ്ങള്‍ എന്നിവയെല്ലാം അടങ്ങുന്നതാണ് ഈ തുക. അതിനാല്‍ തന്നെ ഒരു ഇന്ത്യ- പാക് മത്സരം മുടങ്ങുന്നത് ഐസിസിക്ക് ചിന്തിക്കാന്‍ പോലുമാവാത്ത കാര്യമാണ്.
ഇന്ത്യ- പാക് മത്സരങ്ങള്‍ക്കിടയിലെ 10 സെക്കന്‍ഡ് പരസ്യത്തിനായി മാത്രം 25 മുതല്‍ 40 ലക്ഷം രൂപയാണ് ബ്രോഡ്കാസ്റ്റര്‍മാര്‍ ഈടാക്കുന്നത്. മറ്റ് മുന്‍നിര ടീമുകള്‍ക്കെതിരായ നോക്കൗട്ട് മാച്ചുകള്‍ക്ക് ഈടാക്കുന്നതിലും വലിയ തുകയാണിത്. ലോകകപ്പില്‍ ഇന്ത്യ- പാക് മത്സരം നടന്നില്ലെങ്കില്‍ പരസ്യവരുമാനത്തില്‍ മാത്രം 300 കോടിയുടെ നഷ്ടമാണുണ്ടാവുക.മത്സരം നടന്നില്ലെങ്കില്‍ ബ്രോഡ്കാസ്റ്ററായ ജിയോയ്ക്ക് ഐസിസി നഷ്ടപരിഹാരം നല്‍കേണ്ടതായി വരും.
ഐസിസിക്കുണ്ടാകുന്ന വരുമാനനഷ്ടം ഐസിസിക്ക് കീഴിലുള്ള എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളെയും ബാധിക്കും. ഇന്ത്യയ്ക്ക് ഇത് വലിയ ആഘാതം സൃഷ്ടിക്കില്ലെങ്കിലും ഐസിസി പേ ഔട്ടുകളെ മാത്രം ആശ്രയിക്കുന്ന അസോസിയേറ്റ് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകളെ ഈ വരുമാനനഷ്ടം ബാധിക്കും. ബിസിസിഐയ്ക്കും പിസിബിക്കും 200 കോടിയോളം നഷ്ടമാണുണ്ടാവുക. അങ്ങനെ മത്സരം ഒഴിവാക്കപ്പെട്ടാല്‍ പിസിബിക്ക് ഐസിസി നല്‍കുന്ന തുക തടഞ്ഞുവെയ്ക്കാനും സാധ്യതയുണ്ട്. പിഴയടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാനും പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗിന്റെ നടത്തിപ്പിനെ വരെ അത് ബാധിക്കാനും സാധ്യത ഏറെയാണ്. ഫെബ്രുവരി 15ന് കൊളംബോയിലാണ് ഇന്ത്യ- പാകിസ്ഥാന്‍ ഗ്രൂപ്പ് മത്സരം.