ഈ ബഹളങ്ങളൊന്നുമില്ലെങ്കിൽ പിന്നെന്ത് രസം, വിമർശനങ്ങൾ സമ്മർദ്ദമുണ്ടാക്കാറില്ല : രോഹിത് ശർമ
138 റണ്‍സുമായി ഗംഭീരമായ പ്രകടനമാണ് രോഹിത് ലോര്‍ഡ്‌സിലെ മൂന്നാം ഏകദിനത്തില്‍ കാഴ്ചവെച്ചത്.
തന്റെ ബാറ്റിംഗ് ഫോമിനെ പറ്റി പുറത്തുനിന്നുള്ള വിമര്‍ശനങ്ങള്‍ സമ്മര്‍ദ്ദമുണ്ടാക്കാറില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ. ലോര്‍ഡ്‌സില്‍ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി സ്വന്തമാക്കിയതിന് പിന്നാലെയാണ് രോഹിത്തിന്റെ പ്രതികരണം. കഴിഞ്ഞ കുറച്ച് ഇന്നിങ്ങ്‌സുകളില്‍ നിറം മങ്ങിയിരുന്നതിനാല്‍ ലോര്‍ഡ്‌സിലെ ഏകദിനം രോഹിത്തിന്റെ അവസാന ഏകദിന മത്സരമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ 138 റണ്‍സുമായി ഗംഭീരമായ പ്രകടനമാണ് രോഹിത് ലോര്‍ഡ്‌സിലെ മൂന്നാം ഏകദിനത്തില്‍ കാഴ്ചവെച്ചത്.
ബഹളങ്ങള്‍ കളിയുടെ ഭാഗം
നോക്കു എന്റെ ജോലി ബാറ്റ് ചെയ്യുക എന്നതാണ്. ടീമിനായി കളിക്കുക. മികച്ച പ്രകടനം നടത്തുക. എന്റെ ആദ്യമത്സരം മുതല്‍ ഈ ബഹളങ്ങള്‍ ഞാന്‍ കേള്‍ക്കുന്നതാണ്. അത് ഇപ്പോഴും തുടരുന്നു. എക്കാലവും അതങ്ങനെയുണ്ടാകും. അതിനാല്‍ തന്നെ അതിന് അധികം പ്രാധാന്യം നല്‍കേണ്ടതില്ല. കളിക്കളത്തില്‍ എങ്ങനെ പ്രകടനം നടത്താനാകുന്നു, ടീമിനായി സംഭാവന നല്‍കാനാകുന്നുണ്ടോ എന്നതിലാണ് കാര്യം. അതില്‍ മാത്രമെ ശ്രദ്ധ നല്‍കുന്നുള്ളു. ഈ ബഹളങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ പിന്നെന്ത് രസം. എന്റെ ജോലി അകത്തും അവരുടേത് പുറത്തുമാണ് രോഹിത് വ്യക്തമാക്കി.
അതേസമയം ഇംഗ്ലണ്ടിനെതിരെ കോലിയുമായി 113 റണ്‍സിന്റെ സെഞ്ചുറി കൂട്ടുക്കെട്ടും മത്സരത്തില്‍ രോഹിത് സ്വന്തമാക്കിയിരുന്നു. ഏകദിനത്തില്‍ കോലിയ്‌ക്കൊപ്പം രോഹിത് നേടുന്ന 21മത്തെ സെഞ്ചുറി കൂട്ടുക്കെട്ടാണിത്. 26 തവണ സെഞ്ചുറി കൂട്ടുക്കെട്ട് നേടിയിട്ടുള്ള സൗരവ് ഗാംഗുലി- സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സഖ്യം മാത്രമാണ് കോലി- രോഹിത് സഖ്യത്തിന് മുന്നിലുള്ളത്.