1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. I never wanted to join RCB 2 times IPL trophy winning captain rajat patidar drops bombshell

Rajat Patidar : പകരക്കാരനായാണ് എന്നെ വിളിച്ചത് ആർസിബിയുടെ ഭാഗമാകാൻ ആദ്യം താല്പര്യമുണ്ടായിരുന്നില്ല : രജത് പാട്ടീധാർ

2022ല്‍ ആര്‍സിബി ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒട്ടും താല്പര്യമില്ലാതെയാണ് താന്‍ പോയതെന്ന് പാട്ടീധാര്‍ പറയുന്നു.

Rajat Patidar
ഐപിഎല്ലില്‍ നീണ്ട 18 വര്‍ഷത്തെ കിരീടവരള്‍ച്ചയ്ക്ക് ആര്‍സിബി അറുതുവരുത്തിയത് 2025ലെ ഐപിഎല്‍ സീസണിലായിരുന്നു. വിരാട് കോലി, എബിഡി,ക്രിസ് ഗെയ്ല്‍ തുടങ്ങിയ അതികായന്മാര്‍ക്ക് സാധിക്കാനാവാത്ത നേട്ടത്തിലേക്ക് ആര്‍സിബിയെ നയിച്ചത് രജത് പാട്ടീധാര്‍ ആയിരുന്നു. 2026ലും ആര്‍സിബിക്ക് കിരീടം നേടികൊടുത്ത പാട്ടീധാര്‍ നിലവില്‍ ടീമിന് ഒഴിവാക്കാനാവാത്ത താരമാണ്. എന്നാല്‍ 2022ല്‍ ആര്‍സിബി ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒട്ടും താല്പര്യമില്ലാതെയാണ് താന്‍ പോയതെന്ന് പാട്ടീധാര്‍ പറയുന്നു.
 
റൊട്ടോറിസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പാട്ടീധാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2021ലാണ് പാട്ടീധാര്‍ ആദ്യമായി ആര്‍സിബിയിലെത്തുന്നത്. എന്നാല്‍ 2022ലെ താരലേലത്തില്‍ പാട്ടീധാറിനെ ആരും സ്വന്തമാക്കിയില്ല. പിന്നീട് ലവ്‌നിത് സിസോദിയയ്ക്ക് പരിക്കേറ്റതോടെ പകരക്കാരനായാണ് ആര്‍സിബി പാട്ടീധാറിനെ തിരിച്ചുവിളിച്ചത്. ഒരു പകരക്കാരനായാണ് വിളിക്കുന്നത് എന്നതിനാല്‍ ടീമിന്റെ ഭാഗമാകാന്‍ തനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നുവെന്നാണ് പാട്ടീധാര്‍ പറയുന്നത്.
 
 പകരക്കാരനാണ്. അതിനാല്‍ തന്നെ കളിക്കാന്‍ അവസരങ്ങള്‍ ലഭിക്കില്ലെന്ന് എനിക്കുറപ്പായിരുന്നു. ടീമിനൊപ്പം ചേര്‍ന്നപ്പോള്‍ മാനേജ്‌മെന്റും അത് തന്നെയാണ് പറഞ്ഞത്. ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ അവസരം നല്‍കാമെന്നായിരുന്നു അവരുടെ നിലപാട്. ആ സമയത്ത് എന്റെ വിവാഹതീയതിയും നിശ്ചയിച്ചിരുന്നു. ആര്‍സിബിയിലേക്ക് വിളി വന്നപ്പോള്‍ ബെഞ്ചിലിരിക്കാന്‍ വേണ്ടി മാത്രം വിവാഹം മാറ്റിവെക്കേണ്ടതില്ലെന്നാണ് കരുതിയത്. എന്നാല്‍ പരിശീലകരും കുടുംബവും നിര്‍ബന്ധിച്ചതൊടെ 2 മാസത്തിന് വിവാഹം നീട്ടി.
 
കാര്യങ്ങള്‍ ഇങ്ങനെയായിരുന്നെങ്കിലും 2022ലെ സീസണില്‍ കൂടുതല്‍ താരങ്ങള്‍ക്ക് പരിക്കേറ്റതോടെ പാട്ടീധാറിന് ടീമില്‍ അവസരമൊരുങ്ങി. 8 മത്സരങ്ങളില്‍ കളിക്കാന്‍ അവസരം ലഭിച്ചു. എലിമിനേറ്റര്‍ മത്സരത്തില്‍ ലഖ്‌നൗവിനെതിരെ 54 പന്തില്‍ പുറത്താകാതെ 112 റണ്‍സ് നേടിയതോടെ ആര്‍സിബിയുടെ പുതിയ ഹീറോയാകാനും പാട്ടീധാറിനായി. 2024ലെ സീസണിലും ഇതോടെ ടീമിലെ സ്ഥാനം നിലനിര്‍ത്തി. 2025ല്‍ കോലി നായകസ്ഥാനം ഒഴിഞ്ഞതോടെ പുതിയ ക്യാപ്റ്റനായി പാട്ടീധാര്‍ മാറി. ആ വര്‍ഷം തന്നെ ആര്‍സിബിക്ക് ആദ്യ ഐപിഎല്‍ കിരീടം നേടികൊടുക്കുന്ന നായകനായി മാറാനും പാട്ടീധാറിന് സാധിച്ചു.ALSO READ: അവൻ സമ്മർദ്ദം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നു, ആർസിബി നായകനെ പ്രശംസിച്ച് ദിനേഷ് കാർത്തിക്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സച്ചിന്റെ മകന്‍, ആ ടാഗ് ലൈന്‍ മാറ്റാം, ഇനി സ്വന്തം മേല്‍വിലാസം : മുംബൈ ടി20 ലീഗില്‍ ഓള്‍റൗണ്ട് മാസ്റ്റര്‍ക്ലാസുമായി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍