അഭിറാം മനോഹർ|
Last Modified ചൊവ്വ, 7 ഏപ്രില്‍ 2026 (12:45 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനോടുള്ള (ഐപിഎല്‍) തന്റെ താല്‍പ്പര്യമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ അകാലത്തില്‍ അവസാനിപ്പിക്കാന്‍ കാരണമായെന്ന വെളിപ്പെടുത്തലുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. രണ്‍വീര്‍ അല്ലഹ്ബാദിയയുടെ പോഡ്കാസ്റ്റിലാണ് പീറ്റേഴ്‌സണ്‍ മനസ്സ് തുറന്നത്. ഐപിഎല്ലുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമായുള്ള (ഇസിബി) അഭിപ്രായവ്യത്യാസങ്ങളാണ് തന്റെ
കരിയര്‍ 33-ാം വയസ്സില്‍ അവസാനിക്കാന്‍ പ്രധാന കാരണമായതെന്ന് പീറ്റേഴ്‌സണ്‍ വ്യക്തമാക്കി.
2009-ല്‍ ഐപിഎല്ലിന്റെ തുടക്കകാലത്ത്, ഇംഗ്ലണ്ടിന്റെ കരാറിലുള്ള കളിക്കാര്‍ ലീഗില്‍ പങ്കെടുക്കുന്നതിനെ ഇസിബി ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കണമെന്ന ഉറച്ച നിലപാടാണ് എനിക്കുണ്ടായിരുന്നത്. ഇത് ബോര്‍ഡുമായുള്ള തുറന്ന പോരിലേക്ക് നയിച്ചു. ഒടുവില്‍ ഇംഗ്ലണ്ട് ദേശീയ ടീമിലെ സ്ഥാനവും നഷ്ടമായി. എനിക്കന്ന് 33 വയസായിരുന്നു. ഞാന്‍ വലിയ ത്യാഗങ്ങളാണ് ചെയ്തത്. എന്റെ കരിയര്‍ തന്നെ എനിക്ക് നഷ്ടമായി. ഐപിഎല്ലിന് വേണ്ടി നിലകൊണ്ടതിനാല്‍ ക്രിക്കറ്റ് അധികൃതര്‍ മുഴുവന്‍ എനിക്കെതിരെ തിരിഞ്ഞു,
104 ടെസ്റ്റ് മാച്ചുകള്‍ കളിച്ചിരുന്നു. എന്നാല്‍ എനിക്ക് ടീമില്‍ തുടരാന്‍ സാധിച്ചിരുന്നെങ്കില്‍ 150- 160 ടെസ്റ്റുകള്‍ കളിക്കാമായിരുന്നു. 12000 റണ്‍സ് നേടാമായിരുന്നു. 104 ടെസ്റ്റുകളില്‍ നിന്ന് 8181 റണ്‍സാണ് എന്റെ പേരിലുള്ളത്. കുറഞ്ഞത് 150 ടെസ്റ്റുകളെങ്കിലും കളിക്കാനും 12,000-ത്തിന് മുകളില്‍ റണ്‍സ് നേടാനും എനിക്ക് സാധിച്ചേനെ പീറ്റേഴ്‌സണ്‍ പറഞ്ഞു.
അതേസമയം തന്റെ പോരാട്ടം വെറുതെയായില്ലെന്നും ഇന്നത്തെ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ഐപിഎല്ലില്‍ സ്വതന്ത്രമായി കളിക്കാന്‍ സാധിക്കുന്നത് താന്‍ അന്ന് നടത്തിയ ഇടപെടലുകള്‍ കൊണ്ടാണെന്നും പീറ്റേഴ്‌സണ്‍ പറയുന്നു. നിലവിലെ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ അടക്കമുള്ളവര്‍ ഇതിന് തന്നോട് നന്ദി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.