ഗൗതം ഗംഭീറിന്റെ കരിയര്‍ പാതിവഴിയില്‍ അവസാനിക്കാന്‍ കാരണക്കാരന്‍ താൻ; അവകാശവാദവുമായി പാക് താരം

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് ഗൗതം ഗംഭീർ.

റെയ്നാ തോമസ്| Last Modified തിങ്കള്‍, 7 ഒക്‌ടോബര്‍ 2019 (12:37 IST)
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് ഗൗതം ഗംഭീർ. അനായാസം റണ്‍സ് വാരിക്കൂട്ടുന്നതില്‍ ഗംഭീറിന്റെ ഒരു പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു. ക്രിക്കറ്റ് ലോകത്തോട് വിട പറഞ്ഞ് രാഷ്ട്രീയത്തിലേക്ക് ചേക്കേറുന്നതിന് മുമ്പ് ടീം ഇന്ത്യയുടെ ജേഴ്സിയില്‍ 147 ഏകദിനങ്ങൾ കളിച്ച ഗംഭീർ 11 സെഞ്ച്വറികളും 34 അർധസെഞ്ച്വറികളുമായി 5,238 റൺസ് നേടിയിട്ടുണ്ട്.

ഇന്ത്യക്ക് വേണ്ടി 38 ടി20 കളും കളിച്ചിട്ടുണ്ട്. 2011 ലെ ശ്രീലങ്കയ്‌ക്കെതിരായ ലോകകപ്പ് ഫൈനലിലായിരുന്നു അദ്ദേഹത്തിന്റെ അവിസ്മരണീയമായ ഇന്നിങ്സ്. 97 റൺസ് അടിച്ചുകൂട്ടി അന്ന് ഇന്ത്യക്ക് ലോക കിരീടം നേടികൊടുത്തു. ഇപ്പോഴിതാ, ഗംഭീറിന്റെ ലിമിറ്റഡ് ഓവര്‍ കരിയർ അവസാനിക്കാൻ കാരണം താനാണെന്ന് അവകാശപ്പെട്ട് രംഗത്തുവന്നിരിക്കുകയാണ് പാകിസ്താനി ഫാസ്റ്റ് ബോളർ മുഹമ്മദ് ഇർഫാൻ. കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇർഫാൻ, ഗംഭീറിന്റെ കരിയര്‍ എങ്ങനെയാണ് അവസാനിപ്പിക്കാന്‍ കാരണക്കാരനായതെന്ന് പറയുന്നത്.

2012 ലെ പരമ്പരയിൽ ഗൗതം ഗംഭീറിനുണ്ടായ ദുരനുഭവങ്ങളാണ് അദ്ദേഹത്തിന്റെ അടിതെറ്റിച്ചതെന്ന് ഇര്‍ഫാന്‍ അവകാശപ്പെടുന്നു. ഏഴ് അടി ഒരു ഇഞ്ച് ഉയരമുണ്ടായിരുന്ന ഇർഫാൻ, ആ പരിമിത ഓവർ പരമ്പരയിൽ (ടി 20, ഏകദിന) നാല് തവണ ഗംഭീറിനെ പുറത്താക്കി. ഇതിന് ശേഷം ഇന്ത്യയ്ക്കായി ഇംഗ്ലണ്ടിനെതിരേ ഒരു പരമ്പര കൂടി മാത്രമാണ് ഗംഭീര്‍ കളിച്ചത്. “ഞാൻ ഇന്ത്യയ്‌ക്കെതിരെ പന്തെറിഞ്ഞപ്പോഴൊക്കെ അവർക്ക് എനിക്കെതിരെ ബാറ്റിങ് സുഖകരമായിരുന്നില്ല. ചില ഇന്ത്യന്‍ താരങ്ങള്‍ 2012 ലെ ആ പരമ്പരക്കിടെ എന്നോട് പറഞ്ഞിട്ടുണ്ട്, എന്റെ ഉയരം കാരണം അവർക്ക് എന്റെ പന്ത് ശരിയായി കാണാനാകുന്നില്ലെന്നും എന്റെ പന്തിന്റെ വേഗത മനസിലാക്കാന്‍ കഴിയുന്നില്ലെന്നും. നെറ്റ്സിലാണെങ്കിലും കളിക്കിടെ ആണെങ്കിലും എന്നെ നേരിടാൻ ഗംഭീര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകള്‍ ഗംഭീര്‍ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. 2012 ലെ ലിമിറ്റഡ് ഓവർ സീരീസിൽ ഗംഭീറിനെ നാല് തവണ പുറത്താക്കിയത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. എനിക്കെതിരെ ആത്മവിശ്വാസം നഷ്ടപ്പെട്ടതു പോലെയായിരുന്നു പലപ്പോഴും ഗംഭീറിന്റെ ബാറ്റിങ്” ഇർഫാൻ പറഞ്ഞു.

ആ പരമ്പരയിൽ അഹമ്മദാബാദിൽ പാകിസ്താനെതിരെ ഇന്ത്യയ്‌ക്കായി ഗംഭീർ തന്റെ അവസാന ടി20 കളിച്ചു. അന്ന് പാകിസ്താനെ നേരിട്ടതിന് ശേഷം ഇംഗ്ലണ്ടിനെതിരായ ഒരു ഏകദിന പരമ്പരയിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. അതിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് ഗംഭീര്‍ എത്തിയിട്ടില്ല. ഗംഭീറിന്റെ വൈറ്റ്-ബോൾ കരിയർ അവസാനിപ്പിച്ചുവെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ: “ഞാനാണ് അദ്ദേഹത്തിന്റെ കരിയർ അവസാനിപ്പിച്ചതെന്ന് വിശ്വസിക്കുന്നു. ആ പരമ്പരയ്ക്ക് ശേഷം അദ്ദേഹം കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടില്ല.” എന്നായിരുന്നു ഇര്‍ഫാന്റെ മറുപടി. തന്റെ പന്തിന്റെ വേഗത ശരിക്കും മനസിലാക്കാന്‍ കഴിയുന്നില്ലെന്ന് ഒരിക്കല്‍ വിരാട് കൊഹ്‍ലിയും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അഭിമുഖത്തില്‍ ഇര്‍ഫാന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :