ബംഗ്ലാദേശിനോട് എട്ട് നിലയില്‍ പൊട്ടി, മുഹമ്മദ് റിസ്വാന്റെ പഴയ പരാമര്‍ശം കുത്തിപൊക്കി സോഷ്യല്‍ മീഡിയ

മിര്‍പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ വെറും 30.4 ഓവറില്‍ 114 റണ്‍സിനാണ് പുറത്തായത്.

Mohammad Rizwan
രേണുക വേണു| Last Modified വ്യാഴം, 12 മാര്‍ച്ച് 2026 (10:11 IST)
ബംഗ്ലാദേശിനെതിരായ ഒന്നാം ഏകദിനത്തില്‍ ബംഗ്ലാദേശിനോട് എട്ടുനിലയില്‍ പൊട്ടിയതിന് പിന്നാലെ പാക് നായകന്‍ മുഹമ്മദ് റിസ്വാന്റെ പഴയ പരാമര്‍ശം
കുത്തിപൊക്കി സോഷ്യല്‍ മീഡിയ. ഇന്ത്യന്‍ ടീമിന്റെ കളിയെക്കുറിച്ച് പണ്ട് നടത്തിയ 'ഞാന്‍ ഇന്ത്യയുടെ മത്സരങ്ങള്‍ കാണാറില്ല' എന്ന പ്രതികരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ കുത്തിപ്പൊക്കിയിരിക്കുന്നത്.

മിര്‍പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ വെറും 30.4 ഓവറില്‍ 114 റണ്‍സിനാണ് പുറത്തായത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാദേശ് യുവ പേസര്‍ നഹീദ് റാണയാണ് പാക് ബാറ്റിംഗ് നിരയെ തകര്‍ത്തത്. മത്സരത്തില്‍ ക്യാപ്റ്റനായ മുഹമ്മദ് റിസ്വാന്‍ 20 പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 15.1 ഓവറില്‍ തന്നെ വിജയലക്ഷ്യം മറികടന്നിരുന്നു.നേരത്തെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 250-ലധികം റണ്‍സ് അടിച്ചുകൂട്ടിയതിനെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഇന്ത്യയുടെ മത്സരങ്ങള്‍ കാണാറില്ലെന്ന മറുപടിയാണ് റിസ്വാന്‍ നല്‍കിയിരുന്നത്. പാകിസ്ഥാന്‍ നാണംകെട്ട തോല്‍വി വാങ്ങുമ്പോള്‍ മറ്റ് ടീമുകളുടെ പോസിറ്റീവ് ക്രിക്കറ്റില്‍ നിന്നും ഒരു പാഠവും ഉള്‍ക്കൊള്ളാന്‍ പാകിസ്ഥാന്‍ തയ്യാറാകുന്നില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.

'ഇന്ത്യയുടെ കളി കണ്ടിരുന്നെങ്കില്‍ ഇത്ര വലിയ തകര്‍ച്ച ഒഴിവാക്കാമായിരുന്നു' എന്നും 'ഇന്ത്യയുടെ കളി കാണാത്തതുകൊണ്ടാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ഇത്ര പിന്നോട്ട് പോകുന്നത്' എന്നും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നു. മറ്റ് ടീമുകള്‍ പോസിറ്റീവ് ക്രിക്കറ്റിലേക്കും അറ്റാക്കിംഗ് മൈന്‍ഡ് സെറ്റിലേക്കും മാറുമ്പോള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ഇപ്പോഴും ബസ് കിട്ടാതെ കിടക്കുകയാനെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. 3 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ മത്സരത്തില്‍ തോറ്റതോടെ പാകിസ്ഥാന്‍ 1-0ത്തിന് പിന്നിലാണ്. വരും മത്സരങ്ങളിലും പരാജയപ്പെട്ടാല്‍ ഏകദിനത്തിലെ റിസ്വാന്റെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :