ഒരു സ്വപ്‌ന ഇന്നിങ്‌സ് കളിക്കണമെന്ന് മനസില്‍ വിചാരിച്ചു, രാഹുല്‍ ദ്രാവിഡ് എന്നില്‍ വിശ്വാസമര്‍പ്പിച്ചു: ദീപക് ചഹര്‍

രേണുക വേണു| Last Modified ബുധന്‍, 21 ജൂലൈ 2021 (08:52 IST)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലെ പ്രകടനം സ്വപ്‌നസമാനമായതെന്ന് ദീപക് ചഹര്‍. രാജ്യത്തിനുവേണ്ടി സ്വപ്‌നസമാനമായ ഒരു ഇന്നിങ്‌സ് കളിക്കണമെന്നായിരുന്നു തന്റെ മനസിലെ ആഗ്രഹമെന്നും ദീപക് ചഹര്‍ മത്സരശേഷം പറഞ്ഞു.

'ടീം ജയിക്കുന്നതുവരെ ക്രീസില്‍ നിലയുറപ്പിക്കുകയായിരുന്നു ആകെയുണ്ടായിരുന്ന വഴി. രാജ്യത്തിനുവേണ്ടി സ്വപ്‌ന സമാനമായ ഒരു ഇന്നിങ്‌സ് കളിക്കണമെന്നായിരുന്നു ആഗ്രഹം. കളി ജയിക്കാന്‍ വേറെ വഴികളൊന്നും ഉണ്ടായിരുന്നില്ല. വിക്കറ്റ് കളയാതെ നിലയുറപ്പിക്കുകയായിരുന്നു പ്രധാനപ്പെട്ട കാര്യം. രാഹുല്‍ ദ്രാവിഡ് എന്നില്‍ വിശ്വാസമര്‍പ്പിച്ചു. ഭുവനേശ്വര്‍ കുമാറിന് മുന്‍പ് ബാറ്റ് ചെയ്യാന്‍ അവസരം നല്‍കി. ഞങ്ങള്‍ക്ക് നല്ല ബാറ്റിങ് ലൈനപ്പുണ്ട്. അതുകൊണ്ട് മത്സരം ജയിക്കാന്‍ എന്റെ ആവശ്യം വരില്ലെന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങേണ്ടിവരുമെന്ന് പോലും കരുതിയില്ല. ജയിക്കാന്‍ 50 ല്‍ കുറവ് റണ്‍സ് വന്ന സാഹചര്യത്തിലാണ് ഞാന്‍ ബൗണ്ടറി നേടാന്‍ പരിശ്രമിച്ചു തുടങ്ങിയത്. അതുവരെ വിക്കറ്റ് കാത്തുസൂക്ഷിക്കുകയും മത്സരത്തില്‍ സജീവമായി നില്‍ക്കുകയുമായിരുന്നു ലക്ഷ്യം,' ചഹര്‍ പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മൂന്ന് വിക്കറ്റിനാണ് ജയിച്ചത്. ശ്രീലങ്ക ഉയര്‍ത്തിയ 276 റണ്‍സ് വിജയലക്ഷ്യം 49.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ സ്വന്തമാക്കി. അര്‍ധ സെഞ്ചുറി നേടി പുറത്താകാതെ നിന്ന ദീപക് ചഹറാണ് ഇന്ത്യയുടെ വിജയശില്‍പ്പി. ചഹര്‍ തന്നെയാണ് മാന്‍ ഓഫ് ദ് മാച്ച്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :