4 വർഷത്തിനിടെയുള്ള ആദ്യ ടെസ്റ്റ് സെഞ്ചുറിക്കരികെ പുറത്ത്, റണ്ണൗട്ടിൽ നിരാശനായി മടങ്ങി ബാബർ അസം
സെഞ്ചുറി നഷ്ടമായതിന്റെ നിരാശയില്‍ പിച്ചില്‍ കുറച്ചുസമയം മുട്ടുകുത്തി ഇരുന്ന ശേഷമാണ് ബാബര്‍ പവലിയനിലേക്ക് മടങ്ങിയത്.
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ അര്‍ഹിച്ച സെഞ്ചുറി നഷ്ടമാക്കി പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ 88 റണ്‍സെടുത്ത് നില്‍ക്കവെയാണ് ബാബര്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടായത്. 2022 ഡിസംബറിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി സ്വന്തമാക്കാനുള്ള അവസരമാണ് ബാബറിന് സഹതാരം അബ്ദുള്ള ഷഫീഖുമായുള്ള ആശയക്കുഴപ്പത്തെ തുടര്‍ന്ന് നഷ്ടമായത്.
ഓഫ് സൈഡിലേക്ക് പന്ത് പ്ലേസ് ചെയ്ത് ബാബര്‍ റണ്‍സിനായി ഓടിയെങ്കിലും നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന ഷഫീഖ് ആദ്യം ഓടി തുടങ്ങുകയും പിന്നീട് പിന്തിരിയുകയുമായിരുന്നു. തിരിഞ്ഞോടി ക്രീസിലെത്താന്‍ ബാബര്‍ ശ്രമിച്ചെങ്കിലും ബ്രന്‍ഡന്‍ കിംഗിന്റെ ഡയറക്റ്റ് ത്രോ സ്റ്റമ്പ് തകര്‍ത്തു. സെഞ്ചുറി നഷ്ടമായതിന്റെ നിരാശയില്‍ പിച്ചില്‍ കുറച്ചുസമയം മുട്ടുകുത്തി ഇരുന്ന ശേഷമാണ് ബാബര്‍ പവലിയനിലേക്ക് മടങ്ങിയത്.
Babar Azam Out watch Must pic.twitter.com/0UDU2tWtoh
— Kashif Amin Influencer (@KashifCricket1) August 4, 2026
281-2 എന്ന ശക്തമായ നിലയിലായിരുന്ന പാകിസ്ഥാന്‍ ബാബറിന്റെ പുറത്താകലിന് പിന്നാലെ 387 റണ്‍സിന് പുറത്തായി. പാകിസ്ഥാനായി അബ്ദുള്ള ഷഫീഖ് 160 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ ആദ്യ ഇന്നിങ്ങ്‌സില്‍ 344 റണ്‍സാണ് വെസ്റ്റിന്‍ഡീസ് നേടിയത്. 33 റണ്‍സിന്റെ ഒന്നാം ഇന്നിങ്ങ്‌സ് ലീഡ് വഴങ്ങിയ വെസ്റ്റിന്‍ഡീസ് മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 103 റണ്‍സിന് 6 വിക്കറ്റെന്ന നിലയിലാണ്. 4 വിക്കറ്റുകള്‍ വീഴ്ത്തിയ പാക് സ്പിന്നര്‍ സാജിദ് ഖാനാണ് വെസ്റ്റിന്‍ഡീസിനെ തകര്‍ത്തത്. ആദ്യ ടെസ്റ്റ് 90 റണ്‍സിന് വിജയിച്ച വെസ്റ്റിന്‍ഡീസ് പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്.