1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Harman preet kaur most capped women player in history

ചരിത്രം കുറിച്ച് ഹർമൻപ്രീത് കൗർ; വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് ഇനി ഇന്ത്യൻ ക്യാപ്റ്റന്

രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍.

Harman preet kaur
രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. വനിതാ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡാണ് ഹര്‍മന്‍പ്രീത് സ്വന്തമാക്കിയത്. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ കളത്തിലിറങ്ങിയതോടെയാണ് താരം ഈ അപൂര്‍വ്വ നേട്ടത്തിന് അര്‍ഹയായത്.
 
ന്യൂസിലന്‍ഡിന്റെ ഇതിഹാസ താരം സൂസി ബേറ്റ്സിന്റെ പേരിലുണ്ടായിരുന്ന 355 മത്സരങ്ങളെന്ന റെക്കോര്‍ഡാണ് ഹര്‍മന്‍പ്രീത് മറികടന്നത്. നിലവില്‍ 356 അന്താരാഷ്ട്ര മത്സരങ്ങളാണ് ഹര്‍മന്‍പ്രീത് ഇന്ത്യക്കായി കളിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയയുടെ എല്ലിസ് പെറി, ഇന്ത്യയുടെ മിതാലി രാജ്, ഇംഗ്ലണ്ടിന്റെ ഷാര്‍ലെറ്റ് എഡ്വേര്‍ഡ്‌സ് എന്നിവരാണ് പട്ടികയില്‍ ഹര്‍മനും സൂസി ബേറ്റ്‌സിനും പിന്നിലുള്ളത്.
 
2009-ല്‍ ഇന്ത്യന്‍ ജേഴ്സിയില്‍ അരങ്ങേറിയ ഹര്‍മന്‍പ്രീത് ഇതുവരെ 6 ടെസ്റ്റ് മത്സരങ്ങളും 161 ഏകദിനങ്ങളും 189 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതും ഹര്‍മന്‍പ്രീതായിരുന്നു. കായികരംഗത്തെ ഈ അതുല്യമായ സംഭാവനകള്‍ പരിഗണിച്ച് രാജ്യം താരത്തെ പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.
 
റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയെങ്കിലും ഓസ്‌ട്രേലിയക്കെതിരെ നടന്ന രണ്ടാം ടി20യില്‍ ഇന്ത്യന്‍ ടീം പരാജയപ്പെട്ടിരുന്നു. ഓസ്ട്രേലിയ ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 144 റണ്‍സ് മാത്രമാണ് നേടാനായത്. പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചതിനാല്‍ നിലവില്‍ പരമ്പര 1-1ന് സമനിലയിലാണ്. പരമ്പരയിലെ നിര്‍ണ്ണായകമായ മൂന്നാം മത്സരം ശനിയാഴ്ച അഡലെയ്ഡില്‍ നടക്കും.
അടുത്ത ലേഖനം
ഈ പോക്ക് പോയാൽ നല്ല പണി കിട്ടും, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി വിരേന്ദർ സെവാഗ്