അഭിറാം മനോഹർ|
Last Modified ചൊവ്വ, 3 ഫെബ്രുവരി 2026 (16:38 IST)
വിമന്‍സ് പ്രീമിയര്‍ ലീഗ് (WPL) 2025-26 സീസണിലെ എലിമിനേറ്റര്‍ മത്സരത്തില്‍ ഇന്ന്
ഗുജറാത്ത് ജയന്റ്‌സ് വനിതകളും ഡല്‍ഹി ക്യാപിറ്റല്‍സ് വനിതകളും തമ്മില്‍ ഏറ്റുമുട്ടും. വിജയിക്കുന്ന ടീമിന് ഫൈനല്‍ പ്രവേശനം നേടം എന്നതിനാല്‍ തന്നെ ഇരുടീമുകള്‍ക്കും ഇന്ന് ജീവന്മരണ പോരാട്ടമാണ്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഡല്‍ഹിക്കെതിരെ നേടിയ ഇരട്ട വിജയങ്ങള്‍ ഗുജറാത്തിന്
ആത്മവിശ്വാസമാണ് നല്‍കുന്നത്. സീസണിന്റെ തുടക്കത്തില്‍ മോശം പ്രകടനമാണ് നടത്തിയെങ്കിലും നിര്‍ണായകഘട്ടത്തില്‍ ഫോമിലേക്ക് തിരിച്ചെത്താന്‍ ഗുജറാത്തിനായിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ വിജയം വലിയ ആത്മവിശ്വാസമാണ് ഗുജറാത്ത് ക്യാമ്പിന് നല്‍കുന്നത്. അതേസമയം യുപി വാര്യേഴ്‌സിനെ തോല്‍പ്പിച്ചാണ് ഡല്‍ഹി എലിമിനേറ്ററിലെത്തിയത്.
ലോറ വോള്‍വാര്‍ട്ട്, ജെമിമ റോഡ്രിഗ്‌സ് തുടങ്ങിയ ബാറ്റര്‍മാര്‍ മികച്ച ഫോമിലാണെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ ഗുജറാത്തിനെതിരെ വിജയിക്കാന്‍ ഡല്‍ഹിക്ക് സാധിച്ചിരുന്നില്ല.മിഡില്‍ ഓവറുകളില്‍ റണ്‍സ് നിയന്ത്രിക്കാനുള്ള കഴിവാണ് ഗുജറാത്തിന് കരുത്താകുന്നത്. ലിസൈല്‍ ലീ, ഷെഫാലി ശര്‍മ കൂട്ടുക്കെട്ട് നല്‍കുന്ന മികച്ച തുടക്കത്തിലാണ് ഡല്‍ഹിയുടെ പ്രതീക്ഷ.
വഡോദരയിലെ കോടമ്പി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ബാറ്റിങ്ങിനെയും ബൗളിങ്ങിനെയും ഒരുപോലെ സഹായിക്കുന്ന പിച്ചിലാണ്. രാത്രി മത്സരമായതിനാല്‍ ഡ്യൂ ഫാക്ടര്‍ നിര്‍ണായകമാകാന്‍ സാധ്യതയുണ്ട്. ടോസ് ജയിക്കുന്ന ടീം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത ഏറെയും.