ലോകകപ്പ് ഫൈനലിലെ എന്റെ സെഞ്ച്വറി നഷ്ടപ്പെടുത്തിയത് ധോണി; ഗംഭീറിന്റെ വെളിപ്പെടുത്തൽ

ഗോൾഡ ഡിസൂസ| Last Updated: തിങ്കള്‍, 18 നവം‌ബര്‍ 2019 (13:50 IST)
1983ൽ കപിൽ ദേവിന്റെ ചുണക്കുട്ടികൾ ലോക കിരീടം ഉയര്‍ത്തിയ ശേഷം 22 വര്‍ഷം കാത്തിരുന്ന ശേഷമാണ് ഇന്ത്യയ്ക്ക് മറ്റൊരു ഏകദിന ലോക കിരീടം ലഭിച്ചത്. മഹേന്ദ്ര സിംഗ് ധോണിയെന്ന ഇതിഹാസ നായകന് കീഴിലായിരുന്നു ഇന്ത്യയുടെ ലോക കപ്പ് നേട്ടം. ശ്രീലങ്കയുമായിട്ടായിരുന്നു ഇന്ത്യയുടെ ഫൈനൽ.

ഗൌതം ഗംഭീറിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായത്. മത്സരത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ ഗംഭീര്‍ 122 പന്തില്‍ 97 റണ്‍സ് നേടി പുറത്താവുകയായിരുന്നു. ധോണി 91 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയു ചെയ്തു. ഗംഭീര്‍- ധോണി സഖ്യം 109 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ശ്രീലങ്ക ഉയര്‍ത്തിയ 274നെതിരെ ഇന്ത്യ മൂന്നിന് 114 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ഇരുവരും ഒത്തുച്ചേരുന്നത്.
ഗംഭീർ സെഞ്ച്വറി നേടുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. എന്നാൽ, 97ലെത്തിയപ്പോൾ ഗംഭീർ ഔട്ട് ആവുകയായിരുന്നു. ആ പുറത്താകലിനു പിന്നിലെ കാരണക്കാരൻ ധോണി ആയിരുന്നുവെന്ന് ഗംഭീർ പറയുന്നു.

‘അന്നത്തെ സെഞ്ച്വറി നഷ്ടത്തെ കുറിച്ച് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. ആ ഇന്നിംഗ്സില്‍ ഞാനൊരിക്കലും വ്യക്തിഗത നേട്ടത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. ടീമിന്റെ വിജയലക്ഷ്യത്തെ കുറിച്ച് മാത്രമായിരുന്നു ചിന്ത. പുറത്താവുന്നതിന് മുമ്പുള്ള ഓവറിന് ശേഷം ധോണി എന്റെ അരികിലെത്തി. മൂന്ന് റണ്‍സ് കൂടി നേടിയാല്‍ സെഞ്ചുറി പൂര്‍ത്തിയാക്കാമെന്ന് അദ്ദേഹം എന്നെ ഓര്‍മ്മിപ്പിച്ചു.

‘അദ്ദേഹം ശ്രദ്ധയോടെ കളിക്കാനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ, അതോടെ എന്റെ ചിന്ത സെഞ്ച്വറിയെ കുറിച്ച് മാത്രമായി. ഇതോടെ എനിയ്ക്ക് സമ്മര്‍ദ്ദവും കൂടി. ധോണി സംസാരിക്കുന്നതിന് മുമ്പ് വരെ വിജയലക്ഷ്യത്തെ കുറിച്ച് മാത്രമായിരുന്നു ചിന്ത. ലക്ഷ്യത്തെ കുറിച്ച് മാത്രം ചിന്തിച്ചിരുന്നെങ്കില്‍ എനിക്ക് അനായാസം സെഞ്ച്വറി തികയ്ക്കാമായിരുന്നു.” ഗംഭീര്‍ പറഞ്ഞു നിര്‍ത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :