Deepti sharma : ജെമീമയ്ക്കും ഷെഫാലിക്കും സ്മൃതിക്കും പ്രശംസ ലഭിക്കുമ്പോള്‍ അണ്ടര്‍ റേറ്റഡായി പോകുന്ന ദീപ്തി, ഫൈനലിലെ 5 വിക്കറ്റടക്കം ടൂര്‍ണമെന്റിന്റെ താരം

ഫൈനല്‍ മത്സരത്തില്‍ അര്‍ധസെഞ്ചുറിയും 5 വിക്കറ്റുകളുമായി അസാമാന്യമായ പ്രകടനം നടത്തിയ ദീപ്തിയാണ് ടൂര്‍ണമെന്റിന്റെ താരമായി തിരെഞ്ഞെടുക്കപ്പെട്ടത്.

Deepti sharma, India vs SA, Women's ODI worldcup,MVP,ദീപ്തി ശർമ, ഇന്ത്യ- ദക്ഷിണാഫ്രിക്ക, വനിതാ ഏകദിന ലോകകപ്പ്, പ്ലെയർ ഓഫ് ദ ടൂർണമെൻ്റ്
അഭിറാം മനോഹർ| Last Modified തിങ്കള്‍, 3 നവം‌ബര്‍ 2025 (11:39 IST)
അങ്ങനെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് വനിതാ ലോകകിരീടത്തില്‍ ആദ്യമായി മുത്തമിട്ടിരിക്കുകയാണ് ഇന്ത്യന്‍ വനിതകള്‍. 2025ലെ ഏകദിന ലോകകപ്പ് നേട്ടത്തില്‍ ജെമീമ റോഡ്രിഗസ്, പ്രതിക റാവല്‍, ഷെഫാലി വര്‍മ, സ്മൃതി മന്ദാന തുടങ്ങി ഒട്ടേറെ താരങ്ങളുടെ വ്യക്തിഗത മികവിന് പ്രശംസ ലഭിക്കുമ്പോള്‍ ഇക്കൂട്ടത്തില്‍ അണ്ടര്‍ റേറ്റഡായി പോകുന്ന താരമാണ് ഇന്ത്യയുടെ ഓള്‍റൗണ്ട് താരമായ ദീപ്തി ശര്‍മ. ഫൈനല്‍ മത്സരത്തില്‍ അര്‍ധസെഞ്ചുറിയും 5 വിക്കറ്റുകളുമായി അസാമാന്യമായ പ്രകടനം നടത്തിയ ദീപ്തിയാണ് ടൂര്‍ണമെന്റിന്റെ താരമായി തിരെഞ്ഞെടുക്കപ്പെട്ടത്.


ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 298 എന്ന വിജയലക്ഷ്യം മുന്നോട്ട് വെയ്ക്കാനായത് 58 പന്തില്‍ നിന്നും 58 റണ്‍സ് നേടിയ ദീപ്തിയുടെ കൂടി മികവിന്റെ ബലത്തിലാണ്. പന്തെറിയാനെത്തിയപ്പോള്‍ 9.3 ഓവറില്‍ 39 റണ്‍സ് വിട്ടുനല്‍കി 5 വിക്കറ്റുകളും താരം സ്വന്തമാക്കി. ഐസിസി വനിതാ ലോകകപ്പില്‍ 215 റണ്‍സും 22 വിക്കറ്റുകളുമാണ് ദീപ്തി സ്വന്തമാക്കിയത്. ഒരു ഏകദിന നോക്കൗട്ട് മത്സരത്തില്‍ അര്‍ധസെഞ്ചുറിയും 5 വിക്കറ്റുകളും നേടുന്ന ആദ്യ താരമെന്ന നേട്ടവും ദീപ്തി സ്വന്തമാക്കി.


വനിതാ ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ 5 വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമാണ് ദീപ്തി. 2017 ഫൈനലില്‍ ഇന്ത്യക്കെതിരെ 46 റണ്‍സ് വഴങ്ങി 6 വിക്കറ്റ് നേടിയ ഇംഗ്ലണ്ടിന്റെ ആന്യ ഷബ്‌സോളായിരുന്നു ഈ നേട്ടം കൈവരിച്ച ആദ്യ താരം.9 മത്സരങ്ങളില്‍ നിന്ന് 3 അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പടെ 215 റണ്‍സാണ് ദീപ്തി സ്വന്തമാക്കിയത്. ലീഗ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കക്കെതിരെയും രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെതിരെയും 3 വിക്കറ്റുകള്‍ ദീപ്തി നേടിയിരുന്നു. ഇന്ത്യന്‍ മധ്യനിരയുടെ നട്ടെല്ലായി മാറിയ ദീപ്തി പല മത്സരങ്ങളിലും എതിരാളിയെ വിജയത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതില്‍ വിജയിച്ചു. ഈ ടൂര്‍ണമെന്റില്‍ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയാണ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം താരം സ്വന്തമാക്കിയിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :