മൂന്നാം ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറി, റെക്കോർഡ് നേട്ടം സ്വന്തമാക്കി ഡികോക്ക്

അഭി‌റാം മനോഹർ| Last Modified തിങ്കള്‍, 24 ജനുവരി 2022 (17:48 IST)
ഇന്ത്യക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ വമ്പന്‍ റെക്കോർഡ് സ്വന്തമാക്കി സൗത്താഫ്രിക്കൻ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്ക്. ഇന്ത്യന്‍ ബൗളിങ് ആക്രമണത്തെ തച്ചുടച്ച ഡികോക്ക് 124 റൺസാണ് മത്സരത്തിൽ നേടി‌യത്.

സെഞ്ചുറി പ്രകടനത്തോടെ ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ച്വറികളിച്ച രണ്ടാമത്തെ വിക്കറ്റ് കീപ്പറായി ക്വിന്റണ്‍ ഡികോക്ക് മാറി.ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിനെയാണ് ഡികോക്ക് പിന്നിലാക്കിയത്. 16 ഏകദിന സെഞ്ചുറികളാണ് ഗിൽക്രിസ്റ്റിനുള്ളത്. 23 സെഞ്ചുറികളോടെ ശ്രീലങ്കൗടെ ഇതിഹാസതാരമായ കുമാർ സങ്കക്കാരയാണ് ഡികോക്കിന് മുന്നിലുള്ളത്.

അതേസമയം ഇന്ത്യക്കെതിരേ ആറാമത്തെ ഏകദിന സെഞ്ച്വറിയാണ് ക്വിന്റണ്‍ ഡികോക്ക് നേടിയത്. ഇതോടെ ഇന്ത്യ- സൗത്താഫ്രിക്ക ഏകദിന പരമ്പരയുടെ ചരിത്രത്തില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരങ്ങളില്‍ അദ്ദേഹം ഒന്നാമതെത്തി.

ഇന്ത്യക്കെതിരേ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങ്, മുന്‍ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സങ്കക്കാര എന്നിവര്‍ക്കൊപ്പവും താരമെത്തി. മുന്‍ വെടിക്കെട്ട് ​ഓപ്പണറും ഇതിഹാസ താരവുമായ വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡും ക്വിന്റണ്‍ ഡികോക്ക് തകര്‍ത്തു.

ഏകദിനത്തില്‍ ഒരു എതിരാളിക്കെതിരേ ഏറ്റവും കുറച്ച് ഇന്നിങ്‌സുകളില്‍ നിന്നും ആറു സെഞ്ച്വറികള്‍ നേടിയ താരമെന്ന നേട്ട‌മാണ് ഡികോക്ക് നേടിയത്. 16 ഇന്നിങ്സുകളിൽ നിന്നാണ് ഡികോക്കിന്റെ നേട്ടം.സെവാഗാവട്ടെ നേരത്തേ ന്യൂസിലാന്‍ഡിനെതിരേ 23 ഇന്നിങ്‌സുകളിലായിരുന്നു ആറു സെഞ്ച്വറികള്‍ കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :