രേണുക വേണു|
Last Modified തിങ്കള്‍, 12 ജനുവരി 2026 (10:36 IST)
ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടിയായി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരുക്ക്. പരിശീലനത്തിനിടെ പരുക്കേറ്റ പന്തിനെ പരമ്പരയിൽ നിന്ന് ഒഴിവാക്കി. പകരക്കാരനായി യുവതാരം ധ്രുവ് ജുറേലിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പന്തിന് പരുക്കേറ്റ സമയതത്തെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
നെറ്റ്സിൽ ബാറ്റിങ് പരിശീലിക്കുന്നതിനിടെയായിരുന്നു പന്തിന് പരുക്കേറ്റത്. ഈ സമയത്ത് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും പരിശീലകൻ ഗൗതം ഗംഭീറും വിഷയത്തെ കൈകാര്യം ചെയ്ത രീതിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പന്ത് കടുത്ത വേദനയോടെ ഗ്രൗണ്ടിൽ ഇരിക്കുമ്പോൾ അടുത്തുണ്ടായിരുന്നിട്ടും ഗില്ലും ഗംഭീറും വേണ്ടത്ര പരിഗണന നൽകിയില്ലെന്നാണ് ഒരു വിഭാഗം ആരാധകരുടെ വിമർശനം. എന്നാൽ ഈ ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും പരുക്കേറ്റ ഉടൻ തന്നെ ഗംഭീർ പന്തിനടുത്തെത്തി കാര്യങ്ങൾ അന്വേഷിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
എം.ആർ.ഐ സ്കാനിംഗിൽ പേശികൾക്ക് പൊട്ടൽ കണ്ടെത്തിയതിനെ തുടർന്നാണ് പന്തിന് വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചത്. വിജയ് ഹസാരെ ട്രോഫിയിൽ ഡൽഹിക്കായി രണ്ട് അർധസെഞ്ച്വറികൾ നേടി മികച്ച ഫോമിലായിരുന്നു താരം. 2022-ലെ കാറപകടത്തിന് ശേഷം ഐപിഎല്ലിലൂടെയും അന്താരാഷ്ട്ര ക്രിക്കറ്റിലൂടെയും കരുത്തുറ്റ തിരിച്ചുവരവ് നടത്തിയ പന്തിനെ സംബന്ധിച്ചിടത്തോളം ഈ പരുക്ക് വലിയൊരു തിരിച്ചടിയാണ്. 2024 ഓഗസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെയാണ് താരം അവസാനമായി പ്ലേയിങ് ഇലവനിൽ കളിച്ചത്.