ടെസ്റ്റ് ക്രിക്കറ്റിന് കൂടുതൽ ഒരുക്കം വേണം: ഓരോ പരമ്പരയ്ക്കുമുമ്പും 15 ദിവസത്തെ ക്യാമ്പ് നിർദേശിച്ച് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

Shubman Gill
അഭിറാം മനോഹർ| Last Modified തിങ്കള്‍, 5 ജനുവരി 2026 (16:49 IST)
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ നിലവാരവും സ്ഥിരതയും ഉയര്‍ത്തുന്നതിനായി ഓരോ ടെസ്റ്റ് പരമ്പരയ്ക്കും മുന്‍പ് 15 ദിവസത്തെ പ്രത്യേക പരിശീലന ക്യാമ്പ് സംഘടിപ്പിക്കണമെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍. അടുത്തകാലത്ത് റെഡ്-ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ
വലിയ വെല്ലുവിളികള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് ഗില്ലിന്റെ നിര്‍ദേശം.

പരിമിത ഓവര്‍ മത്സരങ്ങളില്‍ നിന്ന് നേരിട്ട് ടെസ്റ്റ് ഫോര്‍മാറ്റിലേക്കുള്ള മാറ്റം കളിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഗില്‍ ടീം മാനേജ്‌മെന്റിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ടെസ്റ്റ് ഫോര്‍മാറ്റിന് അനുസൃതമായി തയ്യാറെടുക്കാന്‍ നെറ്റ് സെഷനുകളും മാച്ച് സിമുലേഷനുകളും അനിവാര്യമാണെന്നാണ് ഇന്ത്യന്‍ നായകന്‍ അറിയിച്ചത്.


ടെസ്റ്റ് ടീമിന്റെ ഒരുക്കങ്ങളില്‍ ക്യാപ്റ്റന് കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതിന്റെ ഭാഗമായാണ് ബിസിസിഐ ഗില്ലില്‍ നിന്നും അഭിപ്രായം തേടിയത്. തിരക്കേറിയ അന്താരാഷ്ട്ര ഷെഡ്യൂളിന്റെ പശ്ചാത്തലത്തില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയും സെന്റര്‍ ഓഫ് എക്‌സലന്‍സ് മേധാവി വി.വി.എസ്. ലക്ഷ്മണും ടീമിനെ സഹായിക്കാന്‍ ഒപ്പമുണ്ടാകും.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഗില്ലിന്റെ നിര്‍ദേശം. ടീമിന്റെ ബെഞ്ച് സ്‌ട്രെങ്ത് വികസിപ്പിക്കാനും ഈ ക്യാമ്പുകള്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :