ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

മത്സരത്തില്‍ 20 പന്തില്‍ 35 റണ്‍സാണ് ഗ്രീന്‍ നേടിയത്.

Cameroon green, chucking,Usman tariq, pak vs Aus,കാമറൂൺ ഗ്രീൻ, ചക്കിംഗ്, ഉസ്മാൻ താരിഖ്, പാകിസ്ഥാൻ- ഓസ്ട്രേലിയ
അഭിറാം മനോഹർ| Last Updated: ഞായര്‍, 1 ഫെബ്രുവരി 2026 (09:41 IST)
ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി പാകിസ്ഥാന്‍ സ്പിന്നര്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷന്‍. പരമ്പരയിലെ രണ്ടാം മത്സരത്തിലും ഓസീസിനെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കാനായെങ്കിലും മത്സരത്തില്‍ ഉസ്മാന്‍ താരിഖിന് വിക്കറ്റ് നല്‍കിയതിന് പിന്നാലെ ഓസീസ് താരമായ കാമറൂണ്‍ ഗ്രീന്‍ നടത്തിയ പ്രതികരണമാണ് പുതിയ ചര്‍ച്ച സൃഷ്ടിച്ചിരിക്കുന്നത്. മത്സരത്തില്‍ 20 പന്തില്‍ 35 റണ്‍സാണ് ഗ്രീന്‍ നേടിയത്.


ഉസ്മാന്‍ താരിഖിന്റെ പന്തില്‍ പുറത്തായി ഡഗൗട്ടിലേക്ക് മടങ്ങവെ ബ്രോഡ്കാസ്റ്റ് കാമറകള്‍ക്ക് മുന്നില്‍ നിന്ന് താരിഖ് എറിയുന്നത് നിയമവിധേയമായ ബൗളിംഗ് രീതിയല്ലെന്ന തരത്തില്‍ കാമറൂണ്‍ ഗ്രീന്‍ ആംഗ്യം കാണിച്ചിരുന്നു. ചക്കിംഗ് ആണ് താരിഖ് നടത്തുന്നതെന്ന് പല തവണ ആംഗ്യം കാണിച്ച് തന്റെ ദേഷ്യം പ്രകടിപ്പിച്ചാണ് ഗ്രീന്‍ മടങ്ങിയത്. സ്വന്തം വിക്കറ്റ് നഷ്ടമായ നിരാശയാണ് ഗ്രീന്‍ കാണിച്ചതെന്ന് പാകിസ്ഥാന്‍ ആരാധകര്‍ പറയുമ്പോള്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനില്‍ സംശയം പ്രകടിപ്പിക്കുന്നവരാണ് ഏറെയും.


ഇതാദ്യമായല്ല പാകിസ്ഥാന്‍ താരത്തിന്റെ ബൗളിംഗ് ആക്ഷന്‍ വിവാദമാകുന്നത്. പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗിന്റെ 9,10 സീസണുകളിലും താരിഖിന്റെ ബൗളിംഗ് ആക്ഷന്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ കീഴില്‍ ഔദ്യോഗിക പരിശോധനകള്‍ നടത്തി താരത്തിന്റെ ആക്ഷന്‍ നിയമവിധേയമാണെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. 30കാരനായ താരം ഐസിസിയുടെ മാനദണ്ഡങ്ങള്‍ തെറ്റിച്ച് പന്തെറിയുന്നില്ലെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുന്നത്.

മത്സരത്തില്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയുടെ 76 റണ്‍സ് പ്രകടനത്തിന്റെ മികവില്‍ 20 ഓവറില്‍ 5 വിക്കറ്റിന് 198 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് ഇന്നിങ്ങ്‌സ് 108 റണ്‍സില്‍ അവസാനിച്ചിരുന്നു. അബ്രാര്‍ അഹമ്മദ്, ഷദാബ് ഖാന്‍ എന്നിവര്‍ 3 വിക്കറ്റ് വീതവും താരിഖ് 2 വിക്കറ്റും സ്വന്തമാക്കി. 10 പന്തില്‍ 35 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :