അഭിറാം മനോഹർ|
Last Modified ചൊവ്വ, 30 ഡിസംബര്‍ 2025 (18:49 IST)
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ടി20 ലോകകപ്പ് വരാനുള്ള പരിഗണിച്ച് ജസ്പ്രീത് ബുമ്രയ്ക്കും ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ചേക്കും. അതേസമയം പരിക്കില്‍ നിന്നും മുക്തരായ നായകന്‍ ശുഭ്മാന്‍ ഗില്ലും ഉപനായകന്‍ ശ്രേയസ് അയ്യരും ടീമില്‍ തിരിച്ചെത്തും.
നിലവില്‍ ബെംഗളുരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ് ശ്രേയസ് പരിശീലനം നടത്തുന്നത്. ഗില്ലിന്റെയും ശ്രേയസിന്റെയും അഭാവത്തില്‍ കെ എല്‍ രാഹുലായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ടീമിനെ നയിച്ചത്. കോലിയും രോഹിത്തും ടീമില്‍ ഇടം പിടിക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ താരമായി റിഷഭ് പന്തിന് പകരം ഇഷാന്‍ കിഷനെ പരിഗണിച്ചേക്കുമെന്നാണ് സൂചന.
ഇതോടെ റിഷഭ് പന്തിന്റെ സാന്നിധ്യം ടെസ്റ്റ് ഫോര്‍മാറ്റില്‍ മാത്രമായി ചുരുങ്ങുന്നതിനുള്ള സാധ്യതയാണ് തെളിയുന്നത്. ജനുവരി 11ന് വഡോദരയിലാണ് ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനം. തുടര്‍ന്ന് രാജ്‌കോട്ട്, ഇന്‍ഡോര്‍ എന്നിവിടങ്ങളിലായി മറ്റ് മത്സരങ്ങള്‍ നടക്കും. ജനുവരി 21നാണ് ടി20 പരമ്പരയ്ക്ക് തുടക്കമാവുക.