അഭിറാം മനോഹർ|
Last Modified വ്യാഴം, 5 ഫെബ്രുവരി 2026 (12:29 IST)
അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ അഫ്ഗാനിസ്ഥാനെതിരെ ചരിത്രം സൃഷ്ടിച്ച് മലയാളി താരമായ ആരോണ്‍ ജോര്‍ജ്. അഫ്ഗാനെതിരെ 104 പന്തില്‍ 115 റണ്‍സ് നേടിയ ആരോണ്‍ ജോര്‍ജിന്റെ മികവിലാണ് ഇന്ത്യ അനായാസമായി ഫൈനലിലേക്ക് പ്രവേശിച്ചത്. നോക്കൗട്ട് ഘട്ടത്തില്‍ സെഞ്ചുറി നേടുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ ബാറ്ററെന്ന നേട്ടവും ആരോണ്‍ സ്വന്തമാക്കി.
2006ലെ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 129 റണ്‍സടിച്ച ചേതേശ്വര്‍ പൂജാരയ്ക്ക് ശേഷം നോക്കൗട്ടിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ
രണ്ടാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, ഉന്മുക്ത് ചന്ദ് തുടങ്ങിയവരെ പിന്നിലാക്കിയാണ് ആരോണ്‍ ഈ നേട്ടം കുറിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ ഉയര്‍ത്തിയ 311 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഏഴ് വിക്കറ്റിന്റെ അനായാസമായ വിജയമാണ് കുറിച്ചത്. മത്സരത്തില്‍ ഇന്ത്യയെ വിജയിച്ചത് ഒരു മലയാളി താരമാണെന്നത് കേരളത്തിന്റെ അഭിമാനമുയര്‍ത്തുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ ഫൈസല്‍ ഷിനോസാദയുടെയും ഉസൈറുള്ളാ നിയാസായിയുടെയും സെഞ്ചുറികളുടെ മികവിലാണ് 310 റണ്‍സ് കുറിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ വൈഭവ് സൂര്യവന്‍ഷിയും ആരോണ്‍ ജോര്‍ജും ചേര്‍ന്ന് നല്‍കിയത്. ക്യാപ്റ്റനെന്ന നിലയില്‍ ആയുഷ് മാത്രെയും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. വൈഭവ് സൂര്യവന്‍ഷി 33 പന്തില്‍ 68 റണ്‍സ് നേടിയപ്പോള്‍ 59 പന്തില്‍ 62 റണ്‍സാണ് ആയുഷ് മാത്രെ നേടിയത്.