ഇന്ത്യയ്ക്ക് അഞ്ചാം ജയം, അജയ്യരായി മുന്നോട്ട്!

ഇന്ത്യ, അയര്‍ലണ്ട്, ധവാന്‍, പാകിസ്ഥാന്‍, ധോണി, ഗാംഗുലി
സെഡോണ്‍ പാര്‍ക്ക്| Last Updated: ചൊവ്വ, 10 മാര്‍ച്ച് 2015 (14:05 IST)
അയര്‍ലണ്ട് ഉയര്‍ത്തിയ 260 റണ്‍സ് എന്ന വിജയലക്‍ഷ്യം ഇന്ത്യയ്ക്ക് ഒരു വെല്ലുവിളിയേ ആയിരുന്നില്ല. വെറും 36.5 ഓവറില്‍ ലക്‍ഷ്യത്തിലെത്തി. ശിഖര്‍ ധവാ‍ന്‍റെ സെഞ്ച്വറിയും രോഹിത് ശര്‍മ്മയുടെ അര്‍ദ്ധസെഞ്ച്വറിയും ഇന്ത്യയ്ക്ക് കരുത്തുറ്റ അടിത്തറ പണിതു. ധവാന്‍ 100 റണ്‍സെടുത്തും രോഹിത് 64 റണ്‍സിനും പുറത്തായി. പിന്നീട് വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ വിരാട് കോഹ്‌ലിയും(44*) അജിങ്ക്യ രഹാനെയും(33*) വിജയക്കരയിലെത്തി.

പക്വമായാണ് ഇന്ത്യന്‍ നിര ബാറ്റ് വീശിയത്. ധവാന്‍ 85 പന്തുകള്‍ നേരിട്ടാണ് 100ല്‍ എത്തിയത്. ഇതില്‍ 11 ഫോറുകളും അഞ്ച് സിക്സറുകളും ഉള്‍പ്പെടുന്നു. 66 പന്തുകളില്‍ നിന്നായിരുന്നു രോഹിത്തിന്‍റെ 64 റണ്‍സ്. ഇതില്‍ മൂന്ന് ഫോറുകളും മൂന്ന് സിക്സറുകളും.

44 റണ്‍സെടുത്ത കോഹ്‌ലി ഒരു സിക്സും 4 ബൌണ്ടറികളും പായിച്ചു. അയര്‍ലണ്ട് ബൌളര്‍മാര്‍ ഉദാരമായി 19 എക്സ്ട്രാ റണ്‍സ് കൂടി സംഭാവന ചെയ്തപ്പോള്‍ ഇന്ത്യ വേഗം ലക്‍ഷ്യം കണ്ടു. ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരുടെയും വിക്കറ്റുകള്‍ വീഴ്ത്തിയത് തോംസണാണ്.

ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 49 ഓവറില്‍ 259 റണ്‍സിന് ഓള്‍ ഔട്ടായി. ആദ്യവിക്കറ്റില്‍ അയര്‍ലണ്ട് നേടിയ 89 റണ്‍സ് കൂട്ടുകെട്ട് ആണ് അവരുടെ മികച്ച സ്കോറിന് അടിത്തറ പാകിയത്. ടോസ് നേടിയ അയര്‍ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പോര്‍ട്ടര്‍ഫീല്‍ഡിനും ഒബ്രീനും അര്‍ദ്ധസെഞ്ച്വറി കണ്ടെത്താനായി. മുഹമ്മദ് ഷമിയുടെയും അശ്വിന്‍റെയും ബൌളിംഗ് മികവാണ് അയര്‍ലണ്ടിനെ 259ലൊതുക്കിയത്. ഷമി മൂന്ന് വിക്കറ്റും അശ്വിന്‍ രണ്ടുവിക്കറ്റും സ്വന്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :