സെലക്ടര്‍മാര്‍ക്കെതിരെ യൂസഫും

അഹമ്മദാബാദ്| WEBDUNIA|
PRO
PRO
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കയറിപ്പറ്റണമെങ്കില്‍ കളിമികവ് മാത്രം പോരെന്ന മുന്‍ നായകന്‍ സൌരവ് ഗാംഗുലിയുടെയും മുന്‍ താരം വിനോദ് കാംബ്ലിയുടെയും ആരോപണങ്ങള്‍ക്ക് ശക്തിപകര്‍ന്ന് ഒരു ഇന്ത്യന്‍ താരം കൂടി രംഗത്ത്. ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌ ടീമിലെ 30 അംഗ സാധ്യതാ പട്ടികയില്‍ നിന്ന്‌ ഇര്‍ഫാന്‍ പത്താനെ ഒഴിവാക്കിയത്‌ മോശം പ്രകടനം കൊണ്ടല്ലെന്ന്‌ ഇന്ത്യന്‍ താരവും ഇര്‍ഫാന്‍റെ സഹോദരനുമായ യൂസഫ്‌ പത്താന്‍ ആരോപിച്ചു.

ഇര്‍ഫാനെ ഒഴിവാക്കിയതിനു പിന്നില്‍ ക്രിക്കറ്റിനു പുറത്തെ കാരണങ്ങളുണ്ടെന്നും 30 അംഗ സാധ്യതാ ടീമിലുളള യൂസഫ് പറഞ്ഞു. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് യൂസഫ് ബി സി സി ഐയ്ക്കെതിരെ ആഞ്ഞടിച്ചത്.

ഇര്‍ഫാന്‍ പ്രതീക്ഷക്കൊത്ത പ്രകടനം തന്നെയാണ് പുറത്തെടുക്കുന്നത്. ഇര്‍ഫാനെ ഉള്‍പ്പെടുത്താതിരുന്നത് പ്രകടനത്തിന്‍റെ പേരിലല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഇതില്‍ കൂടുതല്‍ ഞാനെന്ത് പ്രതികരിക്കാനാണ്. ഇനി ഇതിനെക്കുറിച്ച് പ്രതികരിക്കേണ്ടത് മാധ്യമങ്ങളാണ്-യൂസഫ് പറഞ്ഞു.

ഇന്ത്യന്‍ ടീമിലേക്കുളള സെലക്ഷന്‍ പ്രാദേശികതയുടെ അടിസ്ഥാനത്തിലാണെന്നും ഗുജറാത്തില്‍ നിന്ന്‌ ആരെങ്കിലും ഇന്ത്യന്‍ ടീമില്‍ എത്തിയിട്ടുണ്ടെങ്കില്‍ അപ്പോഴെല്ലാം സിലക്ഷന്‍ പാനലിലും ഗുജറാത്തില്‍ നിന്നുള്ള ആരെങ്കിലും ഉണ്ടായിരുന്നുവെന്നും ഗുജറാത്ത്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ മുഖ്യ സിലക്ടര്‍ മുകുന്ദ്‌ പാര്‍മര്‍ നേരത്തെ ആരോപിച്ചിരുന്നു.

നേരത്തെ ഗുജറാത്ത് രഞ്ജി ടീം കണ്‍സള്‍ട്ടന്‍റ് കോച്ച് അശോക് പട്ടേലും ഇപ്പോഴത്തെ സെലക്ഷന്‍ കമ്മിറ്റിക്കെതിരെ രംഗത്ത് വന്നിരുന്നു. ചീഫ് സെലക്സ്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത് ചെന്നൈയില്‍ നിന്നുള്ള താരങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :