ഷാരൂഖ് ടീം ക്യാമ്പ് വിട്ടു

ജോഹ്നാസ്ബര്‍ഗ്| WEBDUNIA|
ഐ പി എല്‍ ക്രിക്കറ്റില്‍ തോല്‍‌വികളില്‍ നിന്ന് തോല്‍‌വികളിലേക്ക് കൂപ്പുകുത്തുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി ടീം ഉടമ ഷാരൂഖ് ഖാന്‍ നാട്ടിലേക്ക് മടങ്ങി. ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനാണ് ഇന്ത്യയിലേക്ക് തിരിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ടീമിന്‍റെ തോല്‍‌വി തന്നെയാണ് ടീം ക്യാമ്പ് വിടാന്‍ ഷാരൂഖിനെ പ്രേരിപ്പചതെന്ന് റിപ്പോര്‍ട്ടുണ്ട്.

മുംബൈയിലെത്തിയ ഷാരൂഖിന്‍റെ പ്രതികരണവും ഇത് ശരിവയ്ക്കുന്നതായിരുന്നു. ഇത്രയും പ്രതിഭയുള്ള ഒരു ടീമിന്‍റെ തോല്‍‌വിയില്‍ എറെ നിരാശയുണ്ടെന്ന് ഷാരൂഖ് മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാല്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തെ തള്ളിപ്പറയാന്‍ ഷാരൂഖ് തയ്യാറായതുമില്ല.

മക്കല്ലം റണ്‍സ് കണ്ടെത്തിയാല്‍ ടീമിന്‍റെ പകുതി പ്രശ്നം തീര്‍ന്നെന്നും ഷാരൂഖ് പറഞ്ഞു. ഗാംഗുലിയുടെ പ്രകടനത്തെ പുകഴ്ത്താനും ഷാരൂഖ് മറന്നില്ല. എല്ലായ്പ്പോഴും മികച്ച കളിയിലൂടെ ദാദയാകുന്ന സൌരവ് ദക്ഷിണാഫ്രിക്കയിലും അത് ആവര്‍ത്തിച്ചുവെന്ന് ഷാരൂഖ് പറഞ്ഞു.

ഐ പി എല്ലില്‍ ഇന്ന് നൈറ്റ് റൈഡേഴ്സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ നേരിടാനിരിക്കെ ഷാരൂഖ് നാട്ടിലേക്ക് മടങ്ങിയത് ടീമംഗങ്ങളെ നിരാശരാക്കിയിട്ടുണ്ട്. ടീമിനെ സെമിയിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നായക സ്ഥാനം ഒഴിയുമെന്ന് ബ്രെണ്ടന്‍ മക്കല്ലവും അറിയിച്ചിരുന്നു.

ടീം തോല്‍ക്കുന്നതല്ല തോല്‍ക്കുന്ന രീതിയാണ് ആരാധകരെ കൂടുതല്‍ നിരാശരാക്കിയത്.അതേ സമയം മക്കല്ലത്തിന് ടീമംഗങ്ങളെ പ്രചോദിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയ്ക്ക് മുന്‍ നായകന്‍ സൌരവ് ഗാംഗുലിയെ തന്നെ നായകസ്ഥാ‍നത്തേക്ക് തിരിച്ചു കൊണ്ടുവരണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :