വേദിമാറ്റം: പിസിബി പ്രതിഷേധം അറിയിച്ചു

കറാച്ചി| WEBDUNIA| Last Modified വ്യാഴം, 23 ഏപ്രില്‍ 2009 (17:34 IST)
2011 ലെ ലോകകപ്പ് ക്രിക്കറ്റ് വേദികളില്‍ പാകിസ്ഥാനെ ഒഴിവാക്കിയതില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ പ്രതിഷേധം അറിയിച്ചതായി റിപ്പോര്‍ട്ട്. ഐസിസി ചെയര്‍മാന്‍ ഡേവിഡ് മോര്‍ഗനെയും ചീഫ് എക്സിക്യൂട്ടീവ് ഹാരൂണ്‍ ലോര്‍ഗതിനെയും നേരിട്ട് കണ്ടാണ് പിസിബി അധികൃതര്‍ പ്രതിഷേധം അറിയിച്ചത്.

പിസിബിയുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇജാസ് ബട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സലീം അല്‍താഫ് ഡയറക്ടര്‍ ജനറല്‍ ജാവേദ് മിയാന്‍ദാദ് തുടങ്ങിയവരാണ് ഐസിസി അധികൃതരെ നേരിട്ട് കണ്ട് പ്രതിഷേധം അറിയിച്ചത്. സുരക്ഷാ ആശങ്കയിലും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ വിശ്വാസത്തിലെടുക്കുന്ന ഐസിസിയും അംഗരാജ്യങ്ങളും ഇതേ വികാരത്തോടെ പാകിസ്ഥാനെ സമീപിക്കുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.

രാജ്യത്ത് സന്ദര്‍ശനം നടത്തുന്ന വിദേശ ടീമുകളുടെ സുരക്ഷ ഉറപ്പാക്കാനായി ലാഹോര്‍ ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കൈക്കൊണ്ട നടപടികളൊന്നും ഐസിസി മുഖവിലയ്ക്കെടുത്തില്ലെന്ന് പ്രതിനിധി സംഘം കുറ്റപ്പെടുത്തി. പാകിസ്ഥാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് ഇതിനായി പ്രത്യേക സുരക്ഷാപദ്ധതിക്ക് രൂപം നല്‍കിവരികയാണെന്നും പ്രതിനിധികള്‍ ഐസിസിയെ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :