ലീയെ തിരികെ വിളിച്ചു

മെല്‍ബണ്‍| WEBDUNIA|
ഫിറ്റ്നസിന്‍റെ പേരില്‍ ഒഴിവാക്കിയ ഫാസ്റ്റ് ബൌളര്‍ ബ്രെറ്റ് ലീയെ പാകിസ്ഥാനെതിരെയുള്ള ഓസ്ട്രേലിയന്‍ സ്ക്വാഡിലേക്ക് തിരികെ വിളിച്ചു. നേരത്തെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരമ്പര തുടങ്ങുന്നതിന് മുമ്പ് ലീയെ ഒഴിവാക്കുകയായിരുന്നു.

ലീയുടെ ആരോഗ്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടായെന്ന ടീം ഡോക്ടര്‍ ട്രെഫോര്‍ ജെയിംസിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നടപടി. കഴിഞ്ഞ കൊല്ലം ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിലാണ് ലീ അവസാനമായി ഓസീ‍സിന് വേണ്ടി പന്തെറിഞ്ഞത്.

ജനുവരിയില്‍ പരിക്കിനെ തുടര്‍ന്ന് കൈക്കുഴയില്‍ നാല് ശസ്ത്രക്രിയയ്ക്ക് ലീ വിധേയനായിരുന്നു. ഐപി‌എല്ലില്‍ പഞ്ചാബ് കിംഗ്സ് ഇലവന്‍ താരമായ ലീ ഒരു മത്സരത്തിലും ഇതുവരെ ഇറങ്ങിയിട്ടില്ല. അബുദബിയിലാണ് പാകിസ്ഥാനെതിരായ മത്സരം നടക്കുന്നത്.

അഞ്ച് ഏകദിനങ്ങള്‍ ഉള്ള പരമ്പരയില്‍ മൂന്നെണ്ണം പൂര്‍ത്തിയായിക്കഴിഞ്ഞു. 2-1 ന് ഓസീസ് മുന്നിട്ട് നില്‍ക്കുകയാണ്. സ്ക്വാഡിലേക്ക് തിരിച്ചുവിളിച്ചെങ്കിലും ലീ അന്തിമ ഇലവനില്‍ ഇടം പിടിക്കുമോ എന്ന കാര്യം സംശയമാണ്. പൂര്‍ണ്ണമായി ഫിറ്റ്നസ് വീണ്ടെടുത്തെങ്കില്‍ മാത്രമേ ലീയെ ഗ്രൌണ്ടിലിറക്കൂ എന്ന് ഓസീസ് ടീം കോച്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :