ലങ്കയ്ക്ക് സമ്മര്‍ദ്ദമില്ല: സംഗക്കാര

കൊളംബോ| WEBDUNIA| Last Modified വ്യാഴം, 28 മെയ് 2009 (15:13 IST)
ട്വന്‍റി-20 ലോകകപ്പില്‍ സമ്മര്‍ദ്ദമില്ലാതെയാകും പങ്കെടുക്കുകയെന്ന് ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര. ടൂര്‍ണ്ണമെന്‍റില്‍ ലങ്കന്‍ ടീം ശക്തമായ സാ‍ന്നിധ്യമായിരിക്കുമെന്നും സംഗക്കാര പറഞ്ഞു.

സമ്മര്‍ദ്ദങ്ങളില്ലാത്തതിനാലാണ് ടീമിന് സാധ്യത തെളിയുന്നതെന്നും അവസരങ്ങള്‍ മുതലാക്കാന്‍ ലങ്കയ്ക്കാകുമെന്നും ക്യാപ്റ്റന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ലോകകപ്പില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് തിരിക്കുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സംഗക്കാര.

ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം സംഗക്കാരയുടെ നേതൃത്വത്തില്‍ ലങ്ക അണിനിരക്കുന്ന ആദ്യ മുന്‍നിര ടൂര്‍ണ്ണമെന്‍റാണിത്. ഓസ്ട്രേലിയയോടും വെസ്റ്റിന്‍ഡീസിനുമൊപ്പം ഗ്രൂപ്പ് സിയിലാണ് ടൂര്‍ണ്ണമെന്‍റില്‍ ലങ്ക ഇറങ്ങുക. മരണഗ്രൂപ്പെന്നാണ് സംഗക്കാര ഇതിനെ വിശേഷിപ്പിച്ചത്. എങ്കിലും ലങ്കയ്ക്ക് അവസരങ്ങളുണ്ടെന്ന് സംഗക്കാര പ്രതീക്ഷ പ്രകടിപ്പിച്ചു.

ദില്‍‌ഷനും ജയസൂര്യയും മഹേല ജയവര്‍ദ്ധനെയും അടങ്ങുന്ന ബാറ്റിംഗ് നിര ലോകോത്തര നിലവാരമുള്ളതാണ്. ബൌളിംഗിലെ പരിചയസമ്പത്തും ലങ്കയ്ക്ക് തുണയാകുമെന്ന് മുത്തയ്യ മുരളീധരനെയും കുലശേഖരെയെയും ചൂണ്ടിക്കാട്ടി സംഗക്കാര വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :