റാങ്കിംഗില്‍ ഗെയ്‌ല്‍ ധോനിക്ക് മുന്നില്‍

PTI
ഏകദിന ബാറ്റ്സ്‌മാന്‍മാരുടെ ഐസിസി റാങ്കിംഗില്‍ പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോനിയെ മറികടന്ന് വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ക്രിസ് ഗെയ്‌ല്‍ ഒന്നാം സ്ഥാനത്ത്.

ന്യൂസിലന്‍റിനെതിരെ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ഗെയ്‌ലിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. നേപ്പിയറില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന അവസാന മത്സരത്തില്‍ ഈ 29 കാരനായ ജമൈക്കന്‍ താരം 129 പന്തുകളില്‍ നിന്ന് 135 റണ്‍സ് അടിച്ചു കൂട്ടിയിരുന്നു. മികച്ച ഓള്‍‌റൌണ്ടര്‍ എന്ന പദവിയും ഗെയ്‌ലിനാണ്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ 779 റണ്‍സിന്‍റെ പിന്‍‌ബലത്തോടെ രണ്ടാം സ്ഥാനത്ത് ഉണ്ട്. ഇനി നടക്കാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിലൂടെ തന്‍റെ സ്ഥാനം വീണ്ടും ഒന്നാമതാക്കാ‍നും ധോനിക്ക് കഴിഞ്ഞേക്കും.

ഓസ്ട്രേലിയന്‍ താരം മൈക്കല്‍ ഹസിയുടെ സ്ഥാനം രണ്ടില്‍ നിന്ന് മൂന്ന് ആയി. ഇന്ത്യന്‍ താരം യുവരാജ് സിംഗ് റാങ്കിംഗില്‍ ആറാമതായി. നേരത്തെ അഞ്ചാം സ്ഥാനത്തായിരുന്നു.

ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ റാങ്കിംഗ് പട്ടികയില്‍ പന്ത്രണ്ടാമതാണ്. സച്ചിന് 708 പോയന്‍റുകളാണുള്ളത്. ഓസീസ് നായകന്‍ റിക്കി പോണ്ടിംഗാവട്ടെ 740 പോയന്‍റുകളുമായി ഏഴാം സ്ഥാനത്താണ്.

ബൌളര്‍മാരുടെ റാങ്കിംഗില്‍ ഓസ്ട്രേലിയയുടെ നഥാന്‍ ബ്രാക്കനാണ് ഒന്നാമത്. നേരത്തെ ഒന്നാം സ്ഥാനം കൈയ്യടക്കിയിരുന്ന കീവിസിന്‍റെ ഡാനിയല്‍ വെട്ടോറി രണ്ടാം സ്ഥാനത്ത് ആയി. ഇന്ത്യയുടെ സഹീര്‍ഖാന്‍ 660 പോയന്‍റുകളുമായി പത്താം സ്ഥാനത്താണ്.

ദുബായ്| PRATHAPA CHANDRAN| Last Modified വ്യാഴം, 15 ജനുവരി 2009 (10:45 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :