യൂനിസ് സമ്മര്‍ദ്ദം ഒഴിവാക്കണം: അക്രം

കറാച്ചി| WEBDUNIA| Last Modified ബുധന്‍, 6 മെയ് 2009 (12:27 IST)
പാകിസ്ഥാന്‍ ക്രിക്കറ്റ് നായകന്‍ യൂനിസ് ഖാന്‍ ക്യാപ്റ്റന്‍റെ സമ്മര്‍ദ്ദം താങ്ങാന്‍ പഠിക്കണമെന്ന് മുന്‍ ക്യാപ്റ്റന്‍ വസിം അക്രം. ഒരു ബാറ്റ്സ്മാന്‍ എന്ന നിലയില്‍ ടീമിനെ എങ്ങനെ സഹായിക്കണമെന്നും യൂനിസ് മനസിലാക്കേണ്ടതുണ്ടെന്ന് വസിം ചൂണ്ടിക്കാട്ടി. ഓസീസിനെതിരെ നടന്ന ഏകദിന പരമ്പരയിലെ തോല്‍‌വിയുടെ പശ്ചാത്തലത്തിലാണ് വസിമിന്‍റെ വിമര്‍ശനം.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പാകിസ്ഥാന്‍റെ മുന്‍‌നിര ബാറ്റ്സ്മാന്‍‌മാരില്‍ ഒരാളാണ് യൂനിസെന്ന് പറഞ്ഞ അക്രം നായക സ്ഥാനത്തിന്‍റെ സമ്മര്‍ദ്ദം യൂനിസിന്‍റെ ബാറ്റിംഗിനെ പ്രതികൂലമായി ബാധിച്ചതായി ചൂണ്ടിക്കാട്ടി. യൂനിസിനെ പോലെ പരിചയസമ്പന്നനായ കളിക്കാരന്‍ ക്യാപ്റ്റന്‍റെ സമ്മര്‍ദ്ദം പൂര്‍ണ്ണമായി ഒഴിവാക്കി സ്വതസിദ്ധമായ കളി പുറത്തെടുക്കുകയാണ് വേണ്ടതെന്നും ഒരു വെബ്സൈറ്റിന് അനുവദിച്ച അഭിമുഖത്തില്‍ അക്രം പറഞ്ഞു.

പാകിസ്ഥാനെ 2-3 ന് തോല്‍പിച്ച് ഓസീസ് പരമ്പര നേടിയിരുന്നു. എന്നാല്‍ പാകിസ്ഥാന് അനായാസം പരമ്പര നേടാമായിരുന്നുവെന്ന് അക്രം ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയയെക്കാള്‍ പരിചയസമ്പന്നരായ ബാറ്റിംഗ് നിരയാണ് പാകിസ്ഥാനുള്ളത്. മികച്ച പേസ് ആക്രമണവും ടീമിന് മുതല്‍കൂട്ടായിരുന്നതായി അക്രം ചൂണ്ടിക്കാട്ടി.

ഓസീസിനെ തോല്‍‌പിച്ചിരുന്നെങ്കില്‍ പാകിസ്ഥാന്‍ ക്രിക്കറ്റിന് അത് മറക്കാനാകാത്ത നേട്ടമായേനെയെന്നും അക്രം കൂട്ടിച്ചേര്‍ത്തു. മത്സരത്തിന് മുന്നോടിയായി പിച്ചുകള്‍ പരിശോധിക്കാന്‍ പോയ പാക് കോച്ച് ഇന്‍‌തിഖാബ് ആലത്തിന്‍റെയും അസിസ്റ്റന്‍റ് കോച്ച് ആഖ്വിബ് ജാവേദിനെയും അക്രം വിമര്‍ശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :